മുതലപ്പാറ വളരും 
മുതുകാട്‌ ‘മാജിക്കി’ൽ ; എൻഡോസൾഫാൻ ദുരിതബാധിതർക്കായി 
നിർമിക്കുന്ന മാതൃകാ 
പുനരധിവാസഗ്രാമം നടത്തിപ്പ്‌ 
ഡിഫറന്റ്‌ ആർട്ട്‌ സെന്ററിന്‌

image credit differentartcentre.com


കാസർകോട്‌   മുളിയാർ മുതലപ്പാറയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ പുനരധിവാസഗ്രാമം നടത്തിപ്പ്‌ മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിനെ ഏൽപ്പിക്കും. മുതുകാടിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറന്റ്‌ ആർട്ട്‌ സെന്റർ പുനരധിവാസഗ്രാമം പരിപാലിക്കും. ഹൈപ്പർ ആക്ടീവ്, ഓട്ടിസ്റ്റിക്, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥയിലുള്ള കുട്ടികളെ ലോകോത്തര നിലവാരത്തിലാണ്‌ ഡിഫറന്റ്‌ ആർട്ട്‌ സെന്ററിൽ പരിപാലിക്കുന്നത്‌. അതേ സൗകര്യവും നിലവാരവും മുളിയാറിലെ പുനരധിവാസഗ്രാമത്തിൽ ഏർപ്പെടുത്താനാണ്‌ സർക്കാർ ശ്രമമെന്ന്‌ എൻഡോസൾഫാൻ സെൽ ചെയർമാൻകൂടിയായ തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നടത്തിപ്പുകാര്യങ്ങൾ മുതുകാടുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു. പുനരധിവാസഗ്രാമം ഒന്നാംഘട്ട നിർമാണം അടുത്തവർഷം മെയിൽ പൂർത്തിയാക്കും. 25 ഏക്കർ സ്ഥലത്താണ്‌ എൻഡോസൾഫാൻ ഗ്രാമം. 4.89 കോടിയുടെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റിയാണ് കരാറെടുത്തത്‌. ഒന്നാംഘട്ടത്തിൽ ക്ലിനിക്കൽ സൈക്കോളജി ബ്ലോക്കും കൺസൾട്ടിങ്‌ ഹൈഡ്രോതെറാപ്പി ബ്ലോക്കുമുണ്ടാകും. ദുരിതബാധിതർക്ക്‌ അഞ്ചു ലക്ഷം രൂപ നൽകുന്നത്‌ അടുത്ത മാസത്തോടെ 90 ശതമാനവും പൂർത്തിയാകും. ഇതുവരെ 1308പേർക്ക്‌ 51.68കോടി രൂപ അനുവദിച്ചു. സാമ്പത്തിക സഹായം, സൗജന്യറേഷൻ, ചികിത്സ പെൻഷൻ, വിദ്യാഭ്യാസ ആനുകൂല്യം, വായ്‌പ എഴുതിത്തള്ളൽ എന്നീ ഇനങ്ങളിലായി 287.76 കോടിരൂപയും അനുവദിച്ചു. യോഗ്യരായ ആരെയും ഒഴിവാക്കാതെ ധനസഹായം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News