കണ്ണൂരിലും ഫാഷൻ ഗോൾഡ്‌ മോഡൽ തട്ടിപ്പ്‌: നിക്ഷേപകരുടെ 2 കോടിയുമായി ലീഗ്‌ നേതാവ്‌ മുങ്ങി



കണ്ണൂർ> നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ‘ജനറൽ മാനേജരായ’ മുസ്ലിംലീഗ്‌ നേതാവ്‌ മുങ്ങി. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ്‌ തട്ടിപ്പിനിരയായത്‌. ലീഗ്‌ പുഴാതി മേഖലാ പ്രസിഡന്റ്‌ കെ പി നൗഷാദിനെതിരെയാണ്‌ പരാതി. കാസർകോട്ട്‌ ലീഗ്‌ നേതാക്കളുടെ നേതൃത്വത്തിൽ ഫാഷൻ ഗോൾഡിൽ നടന്നതിന്‌ സമാനമായ തട്ടിപ്പാണിതെന്നാണ്‌ സൂചന. കണ്ണൂർ ഫോർട്ട്‌ റോഡിലെ സി കെ ഗോൾഡിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്‌. ജനറൽ മാനേജരെന്ന നിലയിലാണ്‌ ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്‌. കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌താണ്‌ നിക്ഷേപം സ്വീകരിച്ചത്‌. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്‌, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്‌, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ്‌ തട്ടിപ്പിനിരയായത്‌. ഒരുലക്ഷംമുതൽ ഇരുപത്‌ ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഒരുലക്ഷത്തിന്‌ പ്രതിമാസം മൂവായിരംമുതൽ ആറായിരം രൂപവരെ വാഗ്‌ദാനം ചെയ്‌താണ്‌ നിക്ഷേപം സ്വീകരിച്ചത്‌. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക്‌ കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌തിരുന്നു. ജ്വല്ലറി ആയിരം രൂപയായിരുന്നു ഒരുലക്ഷത്തിന്‌ പലിശ നൽകിയിരുന്നത്‌. മുദ്രപത്രത്തിൽ കരാറാക്കിയാണ്‌ നിക്ഷേപം സ്വീകരിക്കുന്നത്‌. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കുമാണ്‌ ഇയാൾ ഈടായി നൽകിയിരുന്നത്‌.  പഴയ സ്വർണം നൽകുന്നവർക്ക്‌ 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ്‌ സ്വർണം നൽകുന്ന പദ്ധതിയും സികെ ഗോൾഡിൽ ഉണ്ടായിരുന്നു. ഇങ്ങനെ സ്വർണവും പലരിൽനിന്നും സ്വീകരിച്ചിട്ടുണ്ട്‌. സ്വർണം ജ്വല്ലറിയിൽ എത്തിയിരുന്നില്ലെന്ന്‌ ഉടമകൾ പറയുന്നു. 35 പവൻവരെ നഷ്ടപ്പെട്ടവരുണ്ട്‌. മുൻകൂർ പണം നൽകാതെ സ്വർണം വാങ്ങിയവരിൽനിന്ന്‌ കൈപ്പറ്റിയ പണം ജ്വല്ലറിയിൽ അടച്ചില്ലെന്നും പരാതിയുണ്ട്‌. സി കെ ഗോൾഡ്‌ ഉടമകളാണ്‌ ഇത്തരത്തിൽ 30 ലക്ഷം രൂപ തട്ടിയതായി പൊലീസിൽ പരാതിപ്പെട്ടത്‌.  ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച്‌ സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജ്വല്ലറിയിൽ ഉണ്ടായിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. പണം നഷ്ടമായ കുറച്ചുപേർമാത്രമേ പരാതിയുമായി എത്തിയിട്ടുള്ളൂ. പഴയ സ്വർണം നൽകിയവരിൽ കൂടുതലും വീട്ടമ്മമാരാണെന്നാണ്‌ സൂചന. മുസ്ലിം ലീഗിലെ ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയാണ്‌ നൗഷാദ്‌ ആളുകളെ സമീപിച്ചത്‌. നേതാക്കളുടെ ശുപാർശയിലും പണം നിക്ഷേപിച്ചവരുണ്ട്‌. പരാതിയുയർന്നതിനെത്തുടർന്ന്‌ എട്ടുമാസംമുമ്പ്‌ നൗഷാദിനെ മാർക്കറ്റിങ് വിഭാഗത്തിൽനിന്ന്‌ ഒഴിവാക്കിയിരുന്നതായി സി കെ ഗോൾഡ്‌ ഉടമകൾ പറഞ്ഞു. ഒരാഴ്‌ചയായി നൗഷാദിനെ കാണാനില്ല. ഇയാൾ ഗൾഫിലേക്ക്‌ കടന്നതായാണ്‌ സൂചന. Read on deshabhimani.com

Related News