യൂത്ത്‌ ലീഗിൽ ഹെലികോപ്റ്റർ വിവാദം നേതാക്കൾ ‘മണ്ണിലിറങ്ങൂ’ എന്ന്‌ അണികൾ



കോഴിക്കോട്‌ > യൂത്ത്‌ ലീഗ്‌ സംസ്ഥാന ക്യാമ്പിന്‌ പ്രസിഡന്റ്‌ മുനവറലി ശിഹാബ്‌ തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും ഹെലികോപ്‌ടർ യാത്ര നടത്തിയത്‌ വിവാദമായി. കഴിഞ്ഞ 16 മുതൽ 18വരെ  മൂന്നാറിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ്‌ ക്യാമ്പിനാണ്‌  പ്രസിഡന്റും ജനറൽ സെക്രട്ടറിയും സ്വകാര്യ ഹെലികോപ്‌ടറിൽ പോയത്‌. ലക്ഷങ്ങൾ ചെലവഴിച്ചുള്ള ഉല്ലാസ യാത്രക്കെതിരെ  യൂത്ത്‌ലീഗ്‌ നേതാക്കൾതന്നെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ  പ്രവർത്തകരും പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ശൈലി മാറ്റാതെ ആഡംബര പ്രിയരായി നടക്കുന്നുവെന്നാണ്‌  വിമർശം. ‘ആകാശം ചുറ്റാതെ മണ്ണിലേക്കിറങ്ങൂ’ എന്നിങ്ങനെ ട്രോൾ വർഷവുമുണ്ട്‌. മൂന്നാർ ക്യാമ്പ്‌ നടത്തിപ്പിനെക്കുറിച്ചും ആക്ഷേപങ്ങളുയർന്നു. കോവിഡ്‌ കാലത്ത്‌ വൻകിട റിസോർട്ടിൽ ക്യാമ്പ്‌ നടത്തിയതെന്തിനാണെന്ന ചോദ്യമാണ്‌  ഒരുവിഭാഗം ഉയർത്തിയത്‌. അതേസമയം, ഹെലികോപ്‌ടർ യാത്രയിൽ വിശദീകരണവുമായി  പി കെ ഫിറോസ്‌ രംഗത്തുവന്നു. മുനവറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയാണെന്നാണ്‌ വിശദീകരണം. ക്യാമ്പ്‌ നടത്തിയ  മുറികൾക്ക്‌ പതിനായിരം രൂപ വാടകയില്ലെന്നും ഫിറോസ്‌ ഫെയ്‌സ്‌ബുക്കിൽ  കുറിച്ചു.   Read on deshabhimani.com

Related News