മതചിഹ്നമുള്ള പാർടികളെ വിലക്കണമെന്ന ഹര്‍ജി: മുസ്ലിംലീഗ് കേസില്‍ കക്ഷിചേര്‍ന്നു



ന്യൂഡൽഹി> മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയപാർടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത്‌ മുസ്ലിംലീഗ്‌ സുപ്രീംകോടതിയിൽ. ഹരിദ്വാർ വിദ്വേഷപ്രസംഗക്കേസിലെ പ്രതി ജിതേന്ദ്രനാരായൺ സിങ് ത്യാഗി (വസീംറിസ്‌വി) സമർപ്പിച്ച ഹർജി ശക്തമായി എതിർക്കുന്നതായി മുസ്ലിംലീഗിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ, അഡ്വ. ഹാരീസ്‌ ബീരാൻ എന്നിവർ അറിയിച്ചു. മുസ്ലിംലീഗിനെ കേസിൽ കക്ഷിയാക്കാനും മറുപടി സത്യവാങ്‌മൂലം തേടാനും  ജസ്‌റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ജനുവരി 31ന്‌ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പാർടി പേരിൽ മുസ്ലിം എന്നുള്ളതിനാൽ  മുസ്ലിംലീഗ്‌, എഐഎംഐഎം പോലുള്ള പാർടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കോടതിയെ അറിയിച്ചു. ജനപ്രാതിനിധ്യനിയമത്തിൽ മതചിഹ്നങ്ങളോ പേരുകളോ ഉപയോഗിച്ച്‌ സ്ഥാനാർഥികൾ വോട്ട്‌ തേടരുതെന്ന്‌ വ്യവസ്ഥയുണ്ട്‌. എന്നാൽ, പാർടി കൊടിയിലും പേരിലും മറ്റും മതചിഹ്നങ്ങൾ പാടില്ലെന്ന വ്യവസ്ഥ നിലവിലില്ല. Read on deshabhimani.com

Related News