ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ മാറ്റൽ ; കോൺഗ്രസിനെ ലീഗ് 
എതിർക്കും



മലപ്പുറം സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ മാറ്റണമെന്ന് യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിംലീഗ് നിയമസഭയിൽ ആവശ്യപ്പെടും. ഇതിനുള്ള ബിൽ നിയമസഭ  പരിഗണിക്കുമ്പോൾ അനുകൂലിച്ച് സംസാരിക്കാൻ മലപ്പുറത്ത്‌ ചേർന്ന മുസ്ലിംലീഗ്‌ എംഎൽഎമാരുടെ യോഗം തീരുമാനിച്ചു. എന്നാൽ യുഡിഎഫ് സംവിധാനത്തെ മാനിക്കുന്നതിനാൽ കോൺഗ്രസിനൊപ്പം നിന്ന്‌ ബില്ലിനെതിരെ വോട്ടുചെയ്യും. തിങ്കളാഴ്‌ച രാവിലെ എട്ടരക്ക്‌ ചേരുന്ന യുഡിഎഫ്‌ നിയമസഭാ കക്ഷി യോഗത്തിൽ നിലപാട്‌ വ്യക്തമാക്കും. അവിടുത്തെ ചർച്ചകൾക്ക്‌ അനുസരിച്ചായിരിക്കും അവസാന തീരുമാനമെന്നും ലീഗ്‌നേതാക്കൾ പറയുന്നു. അതേസമയം ഗവർണർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടല്ല ലീഗിനെന്ന്‌ നേതാക്കൾ പ്രതികരിച്ചു. യോഗത്തിൽ  കോൺഗ്രസിനെതിരെ രൂക്ഷവിമർശമുണ്ടായി. കോൺഗ്രസിലെ ഗ്രൂപ്പ്‌ വഴക്ക്‌ യുഡിഎഫ്‌ സംവിധാനത്തെ ബാധിക്കുന്നുവെന്നും ലീഗിന്‌ അഭിപ്രായമുണ്ട്‌. വിഴിഞ്ഞം സമരത്തിലും ലീഗിന്‌ വ്യത്യസ്‌തമായ അഭിപ്രായമാണുള്ളത്‌.   ഗവർണർ സർവകലാശാലാ വിസിമാരോട്‌ രാജി ആവശ്യപ്പെട്ടത്‌ അതിരുകടന്നതാണെന്നായിരുന്നു മുസ്ലിംലീഗിന്റെ അഭിപ്രായം.  പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ്‌ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഗവർണറുടെ നടപടിയെ സ്വാഗതംചെയ്‌തപ്പോൾ ആ അഭിപ്രായം യുഡിഎഫിന്റേതല്ലെന്ന്‌  ലീഗ്‌ സംസ്ഥാന ഉന്നതാധികാര സമിതി യോഗം ചേർന്ന്‌ പ്രഖ്യാപിച്ചു.  ഇതിനു പിന്നാലെയാണ്‌ ചാൻസർ സ്ഥാനത്തുനിന്ന്‌ ഗവർണറെ മാറ്റുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച്‌ സംസാരിക്കുനുള്ള തീരുമാനം. Read on deshabhimani.com

Related News