ഇരട്ടക്കൊല: പ്രതിയുടെ ജാമ്യഹർജി തള്ളി



കൊച്ചി സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിലെ പ്രതിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. സാമ്പത്തികത്തർക്കത്തിനിടെ സഹോദരൻ രഞ്ജു കുര്യൻ, അമ്മാവൻ മാത്യു സ്‌കറിയ എന്നിവരെ വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പനാൽവീട്ടിൽ ജോർജ് കുര്യന്റെ (52–-പപ്പൻ) ഹര്‍ജിയാണ് ജസ്‌റ്റിസ്‌ എ ബദറുദ്ദീൻ തള്ളിയത്‌.  | 2022 മാർച്ചിൽ നടന്ന സംഭവത്തിൽ പ്രതി ഒരുവർഷത്തിലേറെയായി ജയിലിലാണെന്നും വിചാരണ വൈകാനിടയുണ്ടെന്നും ആരോപിച്ചാണ്‌ ജാമ്യഹർജി നൽകിയത്‌. എന്നാൽ, സഹോദരനെയും അമ്മാവനെയും കൊല്ലുമെന്ന് സഹോദരിക്ക് വാട്‌സാപ് സന്ദേശം അയച്ചശേഷമാണ് പ്രതി കൃത്യം നടത്തിയതെന്നും ജാമ്യത്തിൽ ഇറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന് പ്രതിയുടെ അച്ഛനമ്മമാരും കൊല്ലപ്പെട്ട സഹോദരന്റെ ഭാര്യയും മൊഴി നൽകിയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജൂലൈയിൽ പുറത്തിറങ്ങുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താനും അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനും ജയിലിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്ക്‌ ക്വട്ടേഷൻ നൽകിയതായും പ്രോസിക്യൂഷൻ വിശദീകരിച്ചു. അടുത്തബന്ധുക്കൾ സാക്ഷികളായ ഈ കേസിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താനിടയാക്കുമെന്ന വാദംകൂടി കണക്കിലെടുത്താണ് കോടതി ജാമ്യഹർജി തള്ളിയത്. ഷെഡ്യൂൾപ്രകാരം വിചാരണ പൂർത്തിയാക്കാൻ സെഷൻസ് കോടതിക്ക് നിർദേശവും നൽകി. Read on deshabhimani.com

Related News