മൂന്നാർ മണ്ണിടിച്ചിൽ; കാണാതായ വടകര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി



മൂന്നാർ > മൂന്നാർ കുണ്ടളയിൽ മണ്ണിടിച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടകര സ്വദേശി രൂപേഷിന്റെ (40) മൃതദേഹമാണ്‌ ഇന്ന്‌ രാവിലെ കണ്ടെത്തിയത്‌. മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കുണ്ടള പുതുക്കടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരാളെ കാണാതായി. സഞ്ചാരികളുമായി മടങ്ങിയ ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ശനി പകൽ 3 ഓടെയായിരുന്നു അപകടം. വടകര സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് മണ്ണിന്നടിയിൽപ്പെട്ടത്. ടോപ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. 11 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രൂപേഷ്‌  ഓടി രക്ഷപ്പെടുന്നതിനിടെ മണ്ണിന്നടിയിൽ പെടുകയായിരുന്നു. ടോപ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മൂന്ന് വാഹനങ്ങളിലാണ് സന്ദർശകർ മൂന്നാറിലേക്ക് മടങ്ങിയത്. മുമ്പേ പോയ വാഹനത്തിലേക്ക് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീണു. തുടർന്ന് വാഹനത്തിൽ  ഉണ്ടായിരുന്നവർ പുറത്തിറങ്ങി വാഹനം തള്ളി നീക്കുന്നതിനിടെ വീണ്ടും വെള്ളം കുത്തിയൊലിച്ച് വന്നു. വാഹനം തള്ളി നീക്കുന്നതിനിടെ വാഹനത്തിനുള്ളിൽ നിന്നും മൊബൈൽ ഫോൺ എടുക്കാൻ കയറിയതാണ് അപകടത്തിൽപ്പെടാൻ കാരണമായതെന്ന് കൂടെയുള്ളവർ പറയുന്നു. റോഡിൽ നിന്നും 500 മീറ്റർ താഴ്‌ചയിലേക്ക് വാഹനം ഒലിച്ചു പോയി. മൂന്നാറിൽ നിന്നും പൊലീസും അഗ്നിശമന സേനാ വിഭാഗവും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്  പ്രദേശത്ത് ശക്തമായ മഴ പെയ്‌തിരുന്നു. ആഗസ്‌ത്‌ 6 ന് പുതുക്കടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന്‌ നൂറ് മീറ്റർ അകലെ വളവിലാണ് വ്യാപകമായി റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. നൂറ്ക്കണക്കിന് വാഹനങ്ങൾ ഇതുവഴി പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മലമുകളിൽ നിന്നും കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. ഗതാഗതം പൂർണമായി തടസപ്പെട്ടു. എല്ലപ്പെട്ടി വെസ്റ്റ് ഡിവിഷനിലും റോഡിലേക്ക് മണ്ണിടിഞ്ഞു വീണിട്ടുണ്ട്‌. ടോപ് സ്റ്റേഷനിൽ നിന്നും മൂന്നാറിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. വട്ടവട  ഒമ്പതാം വാർഡിൽ ബാൽരാമൻ, സുരേഷ് എന്നിവരുടെ വീടിനുമേൽ മണ്ണിടിഞ്ഞു വീണു.  വീട് ഭാഗികമായി തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന്  മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷൻ, വട്ടവട തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്‌ടർ  ഷീബ ജോർജ് അറിയിച്ചു. Read on deshabhimani.com

Related News