സ്വപ്‌നപദ്ധതിക്ക്‌ തുടക്കം ; മുനമ്പം–അഴീക്കോട് പാലം നിർമാണോദ്ഘാടനം 9ന്



കൊച്ചി > എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം–-അഴീക്കോട്‌ പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമാണോദ്‌ഘാടനം ഒമ്പതിന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കുമെന്ന്‌ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കയ്‌പമംഗലം എംഎൽഎ ഇ ടി ടൈസൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും കയ്‌പമംഗലം മണ്ഡലത്തിലെ അഴീക്കോടിനെയും ബന്ധിപ്പിക്കുന്നതാണ്‌ പാലം.  കിഫ്‌ബിയിൽനിന്നുള്ള 143.28 കോടി രൂപ ചെലവിട്ടാണ്‌ നിർമിക്കുന്നത്‌. ചെറിയാൻ വർക്കി കൺസ്‌ട്രക്‌ഷൻ കമ്പനിക്കാണ്‌ നിർമാണച്ചുമതല. 868.7 മീറ്റർ നീളമുള്ള പാലത്തിൽ ഇരുവശത്തും നടപ്പാതയും സൈക്കിൾപാതയും ഉണ്ടാകും. നടുഭാഗത്ത്‌ 12.5 മീറ്ററും വശങ്ങളിൽ 8.25 മീറ്ററും ഉയരമുണ്ട്‌. സംസ്ഥാനത്തെതന്നെ ഉയരംകൂടിയ പാലങ്ങളിലൊന്നാണ്‌. പാലത്തിനടിയിലൂടെ ബോട്ടുകൾക്ക്‌ തടസ്സമില്ലാതെ കടന്നുപോകാം. ജലപാത സുഗമമാക്കാനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കി. ഓരോ വർഷവും ഡ്രഡ്‌ജിങ് നടത്താൻ നാലുകോടി രൂപ വിനിയോഗിക്കും. നിലവിൽ ഇവിടെ ജങ്കാർ സർവീസാണുള്ളത്‌. അഴീക്കോട്‌–-മുനമ്പം പാലത്തിന്റെ അനിവാര്യത രണ്ട്‌ എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിരുന്നു. പാലം നിർമാണം മുനമ്പം ഹാർബറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന രീതിയിൽ വ്യാജപ്രചാരണങ്ങളുമുണ്ടായി. എതിർപ്പുകൾ പരിഹരിക്കാൻ എറണാകുളം കലക്‌ടർ വിളിച്ചുചേർത്ത യോഗത്തിൽ എംഎൽഎമാർ പങ്കെടുത്ത്‌ കാര്യങ്ങൾ വിശദീകരിച്ചു. നിയമവ്യവഹാരങ്ങൾ തീർപ്പാക്കാനുള്ള നിരന്തരശ്രമങ്ങളും ഫലംകണ്ടു. നിർമാണത്തിന്‌ സ്ഥലം ഏറ്റെടുക്കുന്നതുസംബന്ധിച്ച്‌ ഫിഷറീസ്‌ വകുപ്പുമായി നേരത്തേ ധാരണയായിരുന്നു. Read on deshabhimani.com

Related News