രണ്ടാംശിക്ഷ: എംഎസ്‌എഫ്‌ മുൻ ജനറൽ സെക്രട്ടറിയെ ലീഗിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌തു



കോഴിക്കോട്‌ > എംഎസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നീക്കിയ ലത്തീഫ്‌ തുറയൂരിനെ മുസ്ലിംലീഗിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌തു. ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നീക്കിയതിന്‌ അടുത്ത ദിവസമാണ്‌ രണ്ടാമത്തെ ശിക്ഷ. സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയതിനെതിരെ വാർത്താസമ്മേളനം നടത്തി നേതൃത്വത്തെ വെല്ലുവിളിച്ചു എന്നതാണ്‌ കുറ്റം. ലത്തീഫിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത എംഎസ്‌എഫ്‌ സംസ്ഥാന ജോ.  സെക്രട്ടറി കെ എം ഫവാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ വി  ഹുദൈഫ് എന്നിവരേയും സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. പാർടി നടപടി അപമാനിതരായ ഹരിത പെൺകുട്ടികൾക്കൊപ്പം നിന്നതിനാണെന്ന്‌ ലത്തീഫ്‌ വാർത്താസമ്മേളളനത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എംഎസ്‌എഫ്‌ സംസ്ഥാനകമ്മിറ്റി ഓഫീസായ കോഴിക്കോട്ടെ ഹബീബ്‌ റഹ്മാൻ സ്‌മാരകത്തിൽ വാർത്താസമ്മേളനം നടത്തിയായിരുന്നു ലത്തീഫ്‌ തുറയൂർ നേതൃത്വത്തെ വിമർശിച്ചത്‌. എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് ഹരിത നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ച പരാമർശങ്ങളുള്ള  സംസ്ഥാനസമിതി  യോഗ മിനുട്സ് തിരുത്താൻ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെന്ന് ലത്തീഫ് വെളിപ്പെടുത്തുകയുണ്ടായി. ഇത്‌ ലീഗ്‌ നേതൃത്വത്തെ ഞെട്ടിച്ചു. ഇതേ തുടർന്നാണ്‌ ലത്തീഫിനെയും ഫവാസ്‌, ഹുദൈഫ്‌ എന്നവരേയും ലീഗിന്റെയും പോഷകസംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയെന്നാണ്‌ അനൗദ്യോഗിക വിശദീകരണം. എന്നാൽ നേതൃത്വം ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ല. പാർടി മുഖപത്രമായ ചന്ദ്രികക്ക്‌ മാത്രമാണ്‌ അറിയിപ്പ്‌ നൽകിയത്‌. ഹരിത വിഷയത്തിൽ ലീഗിൽ ഭിന്നതയും തർക്കവും അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്‌ ആവർത്തിക്കുന്ന അച്ചടക്ക നടപടികൾ.   Read on deshabhimani.com

Related News