മുല്ലപ്പെരിയാർ കേസ്‌ നീട്ടി ; വാദമുഖങ്ങൾ എഴുതിനൽകാൻ ഫെബ്രുവരി നാലുവരെ സമയം



ന്യൂഡൽഹി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഫെബ്രുവരി രണ്ടാംവാരത്തിലേക്ക്‌ മാറ്റി. കേസുമായി ബന്ധപ്പെട്ട്‌ ഏതെല്ലാം സുപ്രധാന വിഷയങ്ങളാണ്‌ പരിഗണിക്കേണ്ടതെന്നതിൽ കക്ഷികളുടെ അഭിഭാഷകർ യോഗം ചേർന്ന്‌ തീരുമാനത്തിൽ എത്തണമെന്ന്‌ ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. ഏതെല്ലാം വിഷയങ്ങളിലാണ്‌ തർക്കമുള്ളതെന്നും അറിയിക്കണം. വാദമുഖങ്ങൾ എഴുതിനൽകാൻ ഫെബ്രുവരി നാലുവരെ സമയം നല്‍കി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപത്ത്‌ ജീവിക്കുന്നവരുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കേസാണ് ഇതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. അണക്കെട്ടിന്റെ ഭരണപരമായ വിഷയങ്ങൾ നിയന്ത്രിക്കൽ കോടതിയുടെ ഉത്തരവാദിത്വമല്ല. ജലനിരപ്പ്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിദഗ്‌ധസമിതി സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്‌. അണക്കെട്ടിന്റെ സുരക്ഷ, അതുയർത്തുന്ന ആശങ്ക തുടങ്ങിയവയിലെ നിയമ പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കലാണ്‌ കർത്തവ്യമെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത, അഡ്വ. ജി പ്രകാശ്‌ എന്നിവർ ഹാജരായി. Read on deshabhimani.com

Related News