വികസനകാര്യത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി റിയാസ്‌



തിരുവനന്തപുരം > അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് തുടരുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വികസനകാര്യത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയിൽനിന്ന്‌ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിലെ എല്ലാ മന്ത്രിമാർക്കുമുള്ള അംഗീകാരമാണ്‌ തനിക്ക്‌ ലഭിച്ച പുരസ്‌കാരം. ഭാവിയിൽ കഠിനാധ്വാനത്തിനുള്ള ഊർജമാണിത്. ഉന്നത വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം എന്നിവയിൽ സർക്കാർ ശക്തമായ ഇടപെടലാണ് നടത്തുന്നത്. ഫൊക്കാനയുടെ നിർദേശങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായി ജെ കെ മേനോനെ ചടങ്ങിൽ ആദരിച്ചു. കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പ്രവാസി സാഹിത്യ അവാർഡ് മൻസൂർ പള്ളൂരിനും ഫൊക്കാന സാഹിത്യ അവാർഡ് വി ജെ ജയിംസിനും കവി രാജൻ കൈലാസിനും സമ്മാനിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷനായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി, കേരളീയം ചെയർമാൻ പി വി അബ്‌ദുൾ വഹാബ് എംപി, ജോൺസൺ തങ്കച്ചൻ, ജോർജ് പണിക്കർ,  സരോഷ് പി എബ്രഹാം, ഷാജി വർഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News