ഹരിത പെൺകുട്ടികൾക്ക്‌ പിന്തുണ ; എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറിയെ പുറത്താക്കി



കോഴിക്കോട്   ഹരിത വിഷയത്തിൽ പെൺകുട്ടികളെ പിന്തുണച്ച എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ മുസ്ലിംലീഗ്‌ പുറത്താക്കി. പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന്‌ എം കെ മുനീർ അധ്യക്ഷനായുള്ള അന്വേഷണ കമീഷൻ  കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടിയെന്നാണ്‌  ലീഗ്‌  അവകാശപ്പെടുന്നത്‌. എന്നാൽ നേതൃത്വം അവഹേളിച്ച പെൺകുട്ടികൾക്കൊപ്പം നിന്നതിനാണ്‌ നടപടിയെന്ന്‌ ലത്തീഫ്‌ പറഞ്ഞു. ‘നടപടിയിൽ ദുരൂഹതയുണ്ട്‌. ഹരിത വിഷയം അന്വേഷിക്കാൻ രൂപീകരിച്ച കമീഷന്റെ ചുമതലക്കാരൻ എം കെ മുനീറോ, സാദിഖലി തങ്ങളോ അറിയാതെയാണ്‌ നടപടി. ഒക്ടോബർ ഒന്നിന്‌ മലപ്പുറത്ത്‌ ചേർന്ന ഉന്നതാധികാര സമിതിയിൽ ഹരിത വിഷയം ഉന്നയിക്കരുതെന്ന്‌ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.  പ്രശ്‌നം പരിഹരിക്കാമെന്നും എംഎസ്‌എഫിന്റെ മിനിട്‌സ്‌ പൊലീസിന്‌ നൽകാതെ നേതൃത്വത്തെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ആബിദ്‌ ഹുസൈൻ തങ്ങൾക്ക്‌  മിനിട്സ്‌ കൈമാറി. എന്നാൽ ഹരിത വിഷയം പരിഹരിക്കപ്പെട്ടില്ല. തുടർന്ന്‌ പെൺകുട്ടികൾ പൊലീസിനെ സമീപിക്കുകയും കേസ്‌ കോടതിയിലെത്തുകയും ചെയ്തതോടെ മിനിട്‌സ്‌ പൊലീസിന്‌ കൈമാറാത്തതിൽ നിയമ നടപടി നേരിടുകയാണ്‌’–- ലത്തീഫ്‌ പറഞ്ഞു. നേരത്തെ  ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയയെയും ലീഗ്‌ പുറത്താക്കിയിരുന്നു. Read on deshabhimani.com

Related News