തിയറ്റർ തുറന്നിട്ടും ഒടിടിയും ഹൗസ്‌ ഫുൾ ; സൂപ്പർ താരങ്ങളുടെ അടക്കം സിനിമകൾ റിലീസിന്‌ തയ്യാറെടുക്കുന്നു



കോവിഡ്‌ പ്രതിസന്ധി തരണം ചെയ്‌ത്‌‌ സംസ്ഥാനത്ത്‌ തിയറ്റർ തുറന്നെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ്‌ ചെയ്യാനും സിനിമകൾ ക്യൂവിൽ. സുപ്പർ താരങ്ങളുടെ അടക്കം സിനിമകൾ ഒടിടി റിലീസിന്‌ തയ്യാറെടുക്കുന്നു‌. 2008ൽ ആരംഭിച്ചെങ്കിലും സ്വീകാര്യതയില്ലാതിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക്‌ കോവിഡ്‌ അടച്ചിടലാണ്‌ ഊർജം നൽകിയത്‌. സൂഫിയും സുജാതയുമായിരുന്നു ആദ്യ റിലീസ്‌. തിയറ്റർ തുറക്കുന്നത്‌ അനിശ്ചിതകാലത്തേക്ക്‌ നീളുമെന്ന ഘട്ടത്തിൽ സിനിമ പ്രേമികളെ ആകർഷിക്കാൻ ഒടിടികൾക്കായി. പിന്നീട്‌ ഒടിടി റിലീസിനായി സിനിമ നിർമിച്ചുതുടങ്ങി. ‘സി യു സൂൺ’ മുതൽ റിലീസിന്‌ തയ്യാറെടുക്കുന്ന മോഹൻലാലിന്റെ ദൃശ്യം 2, സുരാജ്‌ വെഞ്ഞാറമൂടിന്റെ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ഉൾപ്പെടെ ഡിജിറ്റൽ ലോകത്തേക്ക്‌ ചേക്കേറി. തിയറ്റർ തുറന്നശേഷവും ഒടിടി സിനിമയുടെ ഭാഗമാകുകയാണ്‌. തുടക്കം 2008ൽ ഒടിടി അഥവാ ഓവർ ദി ടോപ്‌ മീഡിയ പ്ലാറ്റ്‌ഫോം 2008ലാണ്‌ ഇന്ത്യയിലെത്തുന്നത്‌‌. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ബിഗ്‌ ഫ്ലിക്സ്‌ ആണ്‌ രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്‌ഫോം.  12 വർഷങ്ങൾക്കിപ്പുറം നാൽപ്പതിലധികം ഒടിടികളാണ്‌ രാജ്യത്തെമ്പാടുമുള്ളത്‌‌. ആദ്യഘട്ടത്തിൽ വെബ്‌സീരിസുകളിലൂടെ‌ സാന്നിധ്യം അറിയിച്ച ഇവ ഇന്ന്‌ സ്വതന്ത്രമായി സിനിമ, വെബ്‌സീരിസ്‌, ഡോക്യുമെന്ററി ഉൾപ്പെടെ നിർമിക്കുന്നു. രാജ്യത്ത്‌ ഏറ്റവുമധികം വരിക്കാരുള്ള ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്റ്റാറിൽ പോലും ടെലിവിഷൻ ഷോകളും കായിക പരിപാടികൾക്കുമാണ്‌ കാഴ്‌ചക്കാരേറെയുള്ളത്‌. കേരളത്തിൽ ഏറെ കാഴ്‌ചക്കാരുള്ള ആമസോൺ പ്രൈം, നെറ്റ്‌ഫ്ലിക്സ്‌ എന്നിവയാണ്‌ മലയാള സിനിമാ വ്യവസായത്തിൽ സ്വാധീനശക്തികളാകുന്നത്‌. സോണി ലൈവ്‌, ഇറോസ്‌ നൗ, സൺ എൻഎക്സ്‌ടി, സീ 5, പ്രൈം റീൽസ്‌ ഉൾപ്പെടെയുള്ളവയും സിനിമാ ലോകത്ത്‌ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. Read on deshabhimani.com

Related News