മോൻസണിനെ 20 വരെ റിമാൻഡ്‌ ചെയ്തു



കൊച്ചി പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളിൽ ധൂർത്തും അരാജകത്വവുമായിരുന്നെന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷകസംഘം. മൂന്നുദിവസത്തെ കസ്‌റ്റഡി കഴിഞ്ഞ്‌ മോൻസണിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇയാളെ എറണാകുളം എസിജെഎം കോടതി 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ്‌ ചെയ്തു. മോൻസണിന്റെ പേരിൽ ആകെ ഒരു ബാങ്ക്‌ അക്കൗണ്ടുമാത്രമാണുള്ളത്‌. ഇൻഡസ്‌ ഇൻഡ്‌ ബാങ്കിലെ അക്കൗണ്ടിൽ പണമില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ പരിശോധനയിൽ വ്യക്തമായി. പലരിൽനിന്നായി ലക്ഷങ്ങൾ പണമായി വാങ്ങുന്നതായിരുന്നു രീതി. പണം ആഡംബരജീവിതത്തിനായി ധൂർത്തടിക്കും. ഇൻഡസ്‌ ഇൻഡ്‌ ബാങ്ക്‌ അക്കൗണ്ടിലൂടെ വലിയ തുകയുടെ കാര്യമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. സാമ്പത്തിക ഇടപാടുകൾ വൻതോതിൽ നടന്നിട്ടുണ്ടെങ്കിലും ഒന്നിനും രേഖകളില്ല. നിരവധിപേർക്ക്‌ വലിയ തുക നഷ്‌ടപ്പെട്ടിട്ടുള്ളതായാണ്‌ വിവരം. പണം നൽകിയതിന്റെ രേഖകൾ പലരുടെയും പക്കലില്ലാത്തതിനാൽ പരാതികളും കാര്യമായി വന്നിട്ടില്ല. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്‌ ഇപ്പോഴും അന്വേഷകസംഘത്തിന്റെ ചോദ്യങ്ങളോട്‌ മോൻസൺ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ശിൽപ്പങ്ങൾ നിർമിച്ചുനൽകിയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിൽ എടുത്ത കേസിൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ക്രൈംബ്രാഞ്ച്‌ മോൻസണിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മോൻസൺ മാവുങ്കലിന്റെ പക്കലുള്ള ആഡംബരകാറുകൾക്കൊന്നും ആവശ്യമായ രേഖകളില്ലെന്നും രൂപമാറ്റം വരുത്തിയതും കണ്ടംചെയ്യേണ്ടവയാണെന്നും മോട്ടോർ വാഹനവകുപ്പ്‌. ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ ആവശ്യപ്രകാരം വാഹനങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ടിലാണ്‌ ഈ വിവരമുള്ളത്‌. റിപ്പോർട്ട്‌ എറണാകുളം ആർടിഒ പി എം ഷബീർ വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന്‌ കൈമാറി. കലൂരിലെ വീട്ടുവളപ്പിൽ സൂക്ഷിച്ച എട്ടു കാറുകളാണ്‌ പരിശോധിച്ചത്‌. ഇവയ്‌ക്ക്‌ കാഴ്‌ചവസ്‌തുമൂല്യം മാത്രമാണുള്ളത്‌. വാഹനങ്ങളൊന്നും മോൻസണിന്റെ പേരിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. യഥാർഥ ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുമില്ല.  മഹാരാഷ്‌ട്ര, ഹരിയാന, ഡൽഹി, മധ്യപ്രദേശ്‌ രജിസ്ട്രേഷനിലാണ്‌ വാഹനങ്ങൾ. രേഖകൾ യഥാർഥത്തിലുള്ളതാണോ എന്ന പരിശോധന നടക്കുന്നു. Read on deshabhimani.com

Related News