പുരാവസ്‌തു തട്ടിപ്പ്‌ : ഫോണിലൂടെയും ഫെയ്‌സ്‌ബുക്കിലൂടെയും ഭീഷണി : ഡിജിപിയെ സമീപിച്ച്‌ പരാതിക്കാർ



കൊച്ചി പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവർ കുടുംബത്തിനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട്‌ ഡിജിപിയെ സമീപിച്ചു. പരാതിക്കാരായ എം ടി ഷമീർ, യാക്കൂബ്‌ പുറായിൽ, അനൂപ്‌ വി അഹമ്മദ്‌, ‌ഷാനിമോൻ പരപ്പൻ എന്നിവരാണ്‌ വ്യാഴാഴ്‌ച ഡിജിപി അനിൽ കാന്തിന്‌ പരാതി നൽകിയത്‌. ഫോണിലൂടെയും ഫെയ്‌സ്‌ബുക് വഴിയും തങ്ങൾക്കെതിരെ പലരും ഭീഷണി മുഴക്കുന്നതായാണ്‌ പരാതി. ഫെയ്‌സ്‌ബുക്കിൽ കമന്റിലൂടെയും മെസേജിലൂടെയും നിരന്തരം ഭീഷണി വരുന്നുണ്ട്‌. കേസിൽനിന്ന്‌ പിൻമാറണമെന്ന്‌ ചില സുഹൃത്തുക്കളും ബന്ധുക്കളും സമ്മർദം ചെലുത്തുന്നു. ഭീഷണി ഭയന്ന്‌ കുടുംബത്തെ മാറ്റി പാർപ്പിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പേര്‌ പറയരുതെന്ന്‌ അനൂപ്‌ വി അഹമ്മദിനെയും എം ടി ഷമീറിനെയും ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും പരാതിയിലുണ്ട്‌. തൃശൂർ കുന്നംകുളം സ്വദേശിയായ ഒരാളും കണ്ടാലറിയുന്ന മറ്റൊരാളുമാണ്‌ ഭീഷണിപ്പെടുത്തിയതെന്ന്‌ ഇരുവരും മരട്‌ പൊലീസിൽ പരാതി നൽകിയിരുന്നു. ചാനലിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാൽ വിവരം അറിയുമെന്നായിരുന്നു ഭീഷണി. അതേസമയം, നടൻ ശ്രീനിവാസൻ മനോരമ ന്യൂസ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ തന്നെ ഫ്രോഡ്‌ എന്ന്‌ വിളിച്ചെന്ന്‌ ആരോപിച്ച്‌ അനൂപ്‌ വി അഹമ്മദ്‌ അപകീർത്തിക്കേസ്‌ ഫയൽ ചെയ്‌തു. ഈ മാസം മൂന്നിനാണ്‌ അഭിമുഖം സംപ്രേഷണം ചെയ്തത്‌. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ കേസ്‌. വക്കീൽ നോട്ടീസ്‌ ലഭിച്ചശേഷം 15 ദിവസത്തിനകം മാപ്പ്‌ പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞിട്ടുണ്ട്‌. മോൻസണ്‌ ജാമ്യമില്ല പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ഭൂമി തട്ടിപ്പുകേസിലും 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലുമാണ്‌ എറണാകുളം എസിജെഎം കോടതി മോൻസണിന്റെ ജാമ്യാപേക്ഷ തള്ളിയത്. മധ്യപ്രദേശ് സര്‍ക്കാരിന്‌ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം പാട്ടത്തിന്‌ വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞ്‌ 1.62 കോടി രൂപ തട്ടിയെടുത്തതായി പാലാ സ്വദേശി രാജീവാണ്‌ കേസ്‌ കൊടുത്തത്‌. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറുപേരില്‍നിന്നായി 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രജിസ്‌റ്റർചെയ്ത കേസിലും ജാമ്യം നിഷേധിച്ചു.   വിപുലമായ സാമ്പത്തിക തട്ടിപ്പാണ് മോൻസൺ നടത്തിയതെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇടപാടുകാരെ കബളിപ്പിക്കാൻ വ്യാജരേഖ നിർമിച്ചു. കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. Read on deshabhimani.com

Related News