എന്താണ് വാനരവസൂരി



തിരുവനന്തപുരം ആഫ്രിക്കയിൽ കാണപ്പെടുന്ന രോഗമാണ്‌ വാനരവസൂരി (മങ്കിപോക്‌സ്‌). 1958ൽ കുരങ്ങുകളിലാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. 1970ൽ കോംഗോയിലാണ്‌ മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തുന്നത്. ഒമ്പതുവയസ്സുള്ള ആൺകുട്ടിക്കായിരുന്നു രോഗം.   @പകരുക മൃഗങ്ങളിലൂടെ രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവം എന്നിവ വഴി മനുഷ്യരിലേക്ക് രോഗം പകരാം. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം ബാധിക്കാം. മനുഷ്യനിൽനിന്ന്‌ മനുഷ്യരിലേക്കും പകരും. അണ്ണാൻ, എലി, കുരങ്ങ്‌ എന്നിവയടക്കമുള്ള മൃഗങ്ങളിൽ അണുബാധ കണ്ടെത്തിയിട്ടുണ്ട്‌. അമ്മയിൽനിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ രോഗം പകരാം. മരണനിരക്ക് കുറവാണ്. @ലക്ഷണം വൈറസ്‌ ശരീരത്തിൽ പ്രവേശിച്ച്‌ ആറുമുതൽ 13 ദിവസത്തിനുള്ളിൽ രോഗലക്ഷണം പ്രകടമാകും. ചിലപ്പോൾ അഞ്ചുമുതൽ 21 ദിവസംവരെയാകാം. രണ്ടുമുതൽ നാലാഴ്‌ചവരെ ലക്ഷണം നീണ്ടുനിൽക്കും. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണം. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. കൈപ്പത്തി, ജനനേന്ദ്രിയം, കോർണിയ എന്നിവിടങ്ങളിലും ഇവ പ്രകടമാകും. @പ്രതിരോധം രോഗത്തിന്‌ പ്രത്യേക ചികിത്സയില്ല. വാക്‌സിൻ നിലവിലുണ്ട്. വന്യമൃഗങ്ങളുടെ മാംസം, രക്തം, മറ്റ് ഭാഗം എന്നിവയുമായുള്ള സമ്പർക്കം ഒഴിവാക്കണം. മാംസം നന്നായി വേവിച്ച്‌ കഴിക്കുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും ബന്ധുക്കളും മുൻകരുതലെടുക്കണം. Read on deshabhimani.com

Related News