ലോകസഞ്ചാരി മൊയ്‌തു കിഴിശേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു



മഞ്ചേരി > ലോകസഞ്ചാരി മൊയ്തു കിഴിശേരി (61) കോവിഡ്‌ ബാധിച്ച്‌ മരിച്ചു.  കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി സഞ്ചാര സാഹിത്യങ്ങൾ രചിച്ചിട്ടുണ്ട്. പത്താം വയസിൽ 50 രൂപയുമായി വീടുവിട്ടിറങ്ങിയ  മൊയ്‌തു 43 രാജ്യങ്ങളിലൂടെ വർഷങ്ങളോളം സഞ്ചരിച്ചു. വിസയും പാസ്‌പോർട്ടുമില്ലാത്തയാത്രകൾ. ഇതിനിടയിൽ 20 ഭാഷകളും പഠിച്ചു.  ഇറാനിൽ സൈനിക സേവനം നടത്തി. ഇറാഖിൽ ചാരവൃത്തിയും അഫ്ഗാൻ മലനിരകളിൽ ഗറില്ലാ പോരാട്ടങ്ങളിലും ഏർപെട്ടു. ഇറാൻ ഇറാഖ് യുദ്ധത്തിൽ ഇറാൻ സൈനികനായി സേവനമനുഷ്ഠിച്ചു. 1980ൽ ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടറുമായി. വിഭജന കാലത്ത് പാകിസ്ഥാനിലേക്കു കടന്ന മൊയ്തുവിന്റെ പിതാവ് പിന്നീട് മക്കയിൽ പോയി കച്ചവടം നടത്തി. തുടർന്ന് നഷ്ടത്തിലായ സമ്പാദിച്ചതെല്ലാം വിറ്റ് അദ്ദേഹം നാട്ടിലെത്തി. ഇതോടെ മുഴുപ്പട്ടിണിയിലായ കുടുംബം മൊയ്തുവിനെ പള്ളി ദർസിൽ കൊണ്ടു പോയി ചേർത്തുകയായിരുന്നു. നാലാം ക്ലാസ് പഠനം നിർത്തിയാണ് പൊന്നാനി പള്ളി ദർസിൽ കൊണ്ടക്കിയത്. ഇവിടെ വച്ച് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര കൃതി വായിച്ച് അതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് നാടുവിടുകയായിരുന്നു. പത്താം വയസു മുതൽ കള്ളവണ്ടി കയറിയും മറ്റും ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. പിന്നീട് 17ാം വയസിൽ ലോകം ചുറ്റി സഞ്ചരിക്കുകയായിരുന്നു.1959ൽ ഇല്യൻ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി കിഴിശേരിയിലാണ് ജനനം. യാത്രകൾക്കിടയിൽ ശേഖരിച്ച പുരാവസ്തുക്കളുടെ ഒരു വൻ ശേഖരം തന്നെ അദ്ദേഹത്തിന്റെ കിഴിശേരിയിലെ വീട്ടിലുണ്ട്. ഭാര്യ: സഫിയ. മക്കൾ: നാദിർഷാൻ, സജ്‌ന. Read on deshabhimani.com

Related News