കുട്ടനാടിന് അന്താരാഷ്‌ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ



മങ്കൊമ്പ്‌> ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി അന്താരാഷ്‌ട്രനിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ച്‌ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾക്കും സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും ഉൾപ്പെടെ ആയിരത്തിലധികം ജനങ്ങൾക്ക്  ബിഐഎസ്‌ നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം നൽകാൻ പൂർണമായും സൗരോർജ ഗ്രിഡിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് കഴിയും. പ്രതിമാസം ഒമ്പതുലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് വിശ്വശാന്തിയും ഇവൈജിഡിഎസുമായി  ചേർന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.  ഇലക്‌ട്രോണിക് കാർഡ് ഉപയോഗിച്ച്‌ ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽനിന്ന്‌ സൗജന്യമായി എടുക്കാം. ബാറ്ററികൾ ഉപയോഗിക്കാതെ ഗ്രിഡിലേക്ക്‌ വൈദ്യുതി നേരിട്ട്  നൽകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ പ്ലാന്റ് സീറോ കാർബൺ എമിഷൻ ഉറപ്പുനൽകുന്നതോടോപ്പം പൂർണമായും പ്രകൃതിസൗഹൃദവുമാണ്‌. കുട്ടനാട്ടിലെ ഭൂജലത്തിൽ കണ്ടുവരുന്ന  ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ്, ഹെവിമെറ്റൽസ് തുടങ്ങിയവ നീക്കംചെയ്യുന്നതിനോടൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാക്കാൻ കഴിവുള്ളതാണ് പ്ലാന്റ്. ലോക പരിസ്ഥിദിനത്തിൽ വിശ്വശാന്തി മാനേജിങ് ഡയറക്‌ടർ മേജർ രവി പ്ലാന്റ് ജനങ്ങൾക്ക് സമർപ്പിച്ചു. അതോടൊപ്പം കുടിവെള്ള ലഭ്യതയ്‌ക്കുള്ള ഇലക്‌ട്രോണിക് കാർഡ്‌ വിശ്വശാന്തി ഡയറക്‌ടർ സജീവ് സോമൻ  വിതരണംചെയ്‌തു. സാമൂഹ്യസേവനത്തിന്റെ ഭാഗമായിഇത്തരം പ്ലാന്റുകൾ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ അദ്ദേഹം ചടങ്ങിൽ അറിയിച്ചു. ചടങ്ങിൽ ഇവൈജിഡിഎസ്‌ കേരള സിഎസ്‌ആർ തലവൻ വി എസ് വിനോദ്, വിശ്വശാന്തി പ്രോജക്റ്റ് കൺസൾട്ടന്റ് കെ അരുൺ, വാർഡ് അംഗം ദീപ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News