മോഡലുകളുടെ മരണം: ഫ്ലാറ്റുകളിൽ റെയ്‌ഡ്‌



കൊച്ചി> മുൻ മിസ്‌ കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സൈജു തങ്കച്ചന്റേതുൾപ്പെടെ ഫ്ലാറ്റുകളിൽ റെയ്ഡ്. ലഹരി പാർടി നടന്ന കാക്കനാട്ടെ മൂന്ന് ഫ്ലാറ്റുകളിലായിരുന്നു പൊലീസ്‌ റെയ്ഡ് നടത്തിയത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും വൈകാതെ കോടതിയിൽ കുറ്റപ്പത്രം സമർപ്പിക്കുമെന്നും അന്വേഷകസംഘം വ്യക്തമാക്കി. പാർടി നടന്ന ഫ്ലാറ്റുകളുടെ പേര്‌, തീയതി, പങ്കെടുത്തവരുടെ വിവരങ്ങൾ എന്നിവ അന്വേഷകസംഘത്തിന്‌ സൈജു കൈമാറിയിരുന്നു. പാർടികളിൽ പങ്കെടുത്ത ഏഴു യുവതികളടക്കം 17 പേർക്കെതിരെ മയക്കുമരുന്ന്‌ ഉപയോഗത്തിന്‌ കേസെടുത്തിട്ടുണ്ട്.  സൈജുവിനെതിരെ എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട്‌ കൊച്ചി സ്റ്റേഷനുകളിലായി എട്ട് കേസും  ഇടുക്കി വെള്ളത്തൂവൽ, ആലപ്പുഴ മാരാരിക്കുളം സ്‌റ്റേഷനുകളിലായി ഒന്നുവീതം കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ് ചെയ്‌തതിനാൽ ബന്ധപ്പെടാനായിട്ടില് . സൈജുവിന്റെ മൊഴി പുറത്തുവന്നതിനുപിന്നാലെ ഇവർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതായി പൊലീസ്‌ കണ്ടെത്തി. കാക്കനാട്‌ സൈജു വാടകയ്ക്ക് എടുത്ത ഫ്ലാറ്റ്‌, ചിലവന്നൂരിൽ സലാഹുദ്ദീന്റെ ഫ്ലാറ്റ്‌, ഇടച്ചിറയിലെ സുനിലിന്റെ ഫ്ലാറ്റ്‌, ഫോർട്ട്‌ കൊച്ചി നമ്പർ 18 ഹോട്ടൽ, കാക്കനാട്ടെ സ്വകാര്യ ഹോട്ടൽ, വയനാട് റിസോർട്ട്, മാരാരിക്കുളത്തെ റിസോർട്ട്, മൂന്നാർ എന്നിവിടങ്ങളിലാണ്‌ പാർടി നടത്തിയത്‌. ഇവിടെയും റെയ്ഡ് നടത്തി വിവരങ്ങൾ ശേഖരിക്കും. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ സ്ഥിരമായി പാർടിയിൽ പങ്കെടുക്കുന്ന സൈജു ഇവിടെനിന്നാണ്‌ മയക്കുമരുന്ന് എത്തിക്കുന്നതെന്ന് അന്വേഷകസംഘം കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരി പാർടിയിൽ ആരൊക്കെ പങ്കെടുത്തു, മയക്കുമരുന്ന് വിതരണക്കാർ ആരൊക്കെ എന്നീ കാര്യങ്ങൾ കണ്ടെത്തുന്നതിനനുസരിച്ചാകും  കേസെടുക്കുകയെന്ന്‌  കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. Read on deshabhimani.com

Related News