നേതൃത്വത്തെ വെല്ലുവിളിച്ച്‌ തരൂർ



കോഴിക്കോട്‌>  നേതാക്കൾ ഇടപെട്ട്‌ മാറ്റിവയ്‌പിച്ച സെമിനാറിൽ പങ്കെടുത്ത്‌  കോൺഗ്രസ്‌ നേതൃത്വത്തെ വെല്ലുവിളിച്ച്‌ എംപിമാരായ ശശി തരൂരും എം കെ രാഘവനും. ‘സംഘപരിവാറും ഇന്ത്യൻ മതനിരപേക്ഷതയും’ എന്ന സെമിനാറിൽനിന്ന്‌ യൂത്ത്‌കോൺഗ്രസ്‌ നേതൃത്വം മാറിയെങ്കിലും ജവഹർ യൂത്ത്‌ ഫൗണ്ടേഷനെക്കൊണ്ട്‌ പരിപാടി ഏറ്റെടുപ്പിച്ചാണ്‌ ഇവർ കോൺഗ്രസിനെ പുല്ലുവിലയാക്കിയത്‌. സെമിനാർ വിഭാഗീയതയുടെ ഭാഗമാണെന്ന്‌ പ്രചാരണം ഉള്ളതിനാലാണ്‌ മാറ്റിവയ്‌ക്കാൻ നിർദേശിച്ചതെന്ന്‌ കോഴിക്കോട്‌ ഡിസിസി വ്യക്തമാക്കിയിരുന്നു. പരിപാടി  അറിയിച്ചിരുന്നില്ലെന്നും ഡിസിസി പ്രസിഡന്റ്‌ പറഞ്ഞു. എന്നിട്ടും രണ്ട്‌ എംപിമാർ പരിപാടിയിൽ പങ്കെടുത്തത്‌ സംഘടനയോടുള്ള  വെല്ലുവിളിയാണെന്നും നേതൃത്വം വിചാരിക്കുന്നു. അതേസമയം വിലക്ക്‌ ഏർപ്പെടുത്തിയെന്ന പ്രചാരണം തരൂരിനും കൂട്ടർക്കും കൂടുതൽ പ്രാധാന്യം നൽകിയെന്ന വിമർശം നേതാക്കൾക്ക്‌ ഇടയിലുണ്ട്‌. ഈ പ്രചാരണം തിരിച്ചടിക്കുമെന്ന ഭയത്തിൽ തരൂരിനെ ആരും വിലക്കിയിട്ടില്ലെന്ന പ്രസ്‌താവനയുമായി വി ഡി സതീശനും കെ സുധാകരനും രംഗത്തെത്തി.   എന്നാൽ, യൂത്ത്‌ കോൺഗ്രസിനെ വിലക്കിയത്‌ വിവാദമാക്കി വീണ്ടും നേതൃത്വത്തിനെതിരെ നീങ്ങാനാണ്‌ തരൂരും എം കെ രാഘവനും ശ്രമിക്കുന്നത്‌.  മതനിരപേക്ഷ പ്രഭാഷണം വിലക്കിയ നടപടി അന്വേഷിക്കാൻ കമീഷനെ നിയോഗിക്കണമെന്ന്‌ എം കെ രാഘവൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ എഐസിസിക്കും കെപിസിസിക്കും പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്‌.   തരൂരിന്‌ വിലക്കില്ലെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറയുന്നത്‌. നിലപാട്‌ അതാണെങ്കിൽ വിലക്ക്‌ അന്വേഷിക്കാൻ അദ്ദേഹം കമീഷനെ നിയോഗിക്കണം. മല്ലികാർജുൻ ഗാർഖെയ്‌ക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി അയക്കും.  കൊന്നമരം മുറിച്ചാൽ വിഷു മുടങ്ങുമെന്ന്‌ കരുതരുതെന്നും രാഘവൻ പറഞ്ഞു. യൂത്ത്‌ കോൺഗ്രസിനെ വിലക്കിയത്‌ അന്വേഷിക്കണമെന്ന ആവശ്യത്തെ പിന്തുണയ്‌ക്കുന്നതായി ശശി തരൂരും പറഞ്ഞു. യൂത്ത്‌ കോൺഗ്രസിനെ വിലക്കിയപ്പോഴും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയടക്കമുള്ള നേതാക്കൾ പങ്കെടുത്തു. Read on deshabhimani.com

Related News