ന്യൂനപക്ഷ സ്‌കോളർഷിപ്, ലോക്ക്ഡൗൺ ഇളവ്: ‘നിലപാട്’ കുരുക്കിൽ കോൺഗ്രസ്

കെ സുധാകരന്‍, വി ഡി സതീശന്‍


തിരുവനന്തപുരം > ന്യൂനപക്ഷ സ്‌കോളർഷിപ്പിലും ലോക്ക്ഡൗൺ ഇളവിലും കൃത്യമായ നിലപാടില്ലാതെ കോൺഗ്രസ്‌ നേതൃത്വം. ‌സുപ്രധാന കാര്യങ്ങളിൽ അഴകൊഴമ്പൻ സമീപനത്തിലൂടെ നേതൃത്വം നാണംകെടുകയാണ്. സ്‌കോളർഷിപ്പിൽ ‌ഹൈക്കോടതി വിധിയെത്തുടർന്ന്‌ ഏവർക്കും സ്വീകാര്യമായ തീരുമാനമാണ്‌ സംസ്ഥാന‌ സർക്കാർ എടുത്തത്‌. ഇത് ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പിന്നീട്‌ മുസ്ലിംലീഗിന്‌ വഴങ്ങി പറഞ്ഞത് വിഴുങ്ങി. യുഡിഎഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ മുസ്ലിംലീഗാണെന്നത് ഇതിലൂടെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ജനതാൽപ്പര്യം മുൻനിർത്തിയും രോഗം പടരാതിരിക്കാനുള്ള മുൻകരുതലെടുത്തും സർക്കാർ നൽകിയ ലോക്ക്ഡൗൺ ഇളവിലും കോൺഗ്രസിന്‌ കൃത്യമായ നിലപാടില്ല. ‘എല്ലാം തുറക്കൂ’ എന്ന്‌ സംസ്ഥാന നേതാക്കൾ മുറവിളി കൂട്ടിയപ്പോൾ ‘ഒന്നും തുറക്കണ്ട’ എന്നാണ്‌ അഖിലേന്ത്യാ നേതൃത്വം പറയുന്നത്‌.  കേരളത്തിൽ മൂന്നു ദിവസത്തെ ഇളവ്‌ നൽകിയത്‌ പരിതാപകരമാണെന്നാണ്‌ കോൺഗ്രസ്‌ ദേശീയ വക്താവ്‌ മനു അഭിഷേക്‌ സിങ്‌വി പറഞ്ഞത്‌. ഉത്തരേന്ത്യയിലെ കാവടിയാത്ര തെറ്റാണെങ്കിൽ ബക്രീദ്‌ ആഘോഷത്തിനുള്ള ഇളവും ശരിയല്ലെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്തു. കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം ശരിയാണെന്നും അവരെ ആത്മഹത്യയിലേക്ക്‌ തള്ളിവിടരുതെന്നും വാദിച്ച കെ സുധാകരനെയും വി ഡി സതീശനെയും തള്ളിയുള്ള സിങ്‌വിയുടെ നിലപാടും കോൺഗ്രസിനെ വെട്ടിലാക്കി. ന്യൂനപക്ഷ സ്‌കോളർഷിപ്‌ നിലപാടിൽ രാഷ്ട്രീയമുതലെടുപ്പ്‌ നടത്താനുള്ള ലീഗ് നീക്കത്തിന്‌ മുതിർന്ന ചില കോൺഗ്രസ്‌ നേതാക്കളുടെ പിന്തുണയുമുണ്ട്‌. സതീശനെയാണ്‌ അവർ ഉന്നംവയ്‌ക്കുന്നത്‌. സ്വന്തം തട്ടകങ്ങളിൽപ്പോലും അടിത്തറയിളകിയ സാഹചര്യത്തിലാണ്‌ പച്ചനുണ പറഞ്ഞും പഴയ നിലപാടുകൾ വിഴുങ്ങിയും ലീഗ്‌ വർഗീയചേരിതിരിവിന്‌ ശ്രമിക്കുന്നത്‌. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കുൾപ്പെടെ ഈ കള്ളക്കളി മനസ്സിലായിട്ടുണ്ട്. നിലപാടില്ലായ്മ കോൺഗ്രസ് നേതൃത്വത്തെ നാണക്കേടിലാക്കി. Read on deshabhimani.com

Related News