വിദ്യ വ്യാജരേഖ ചമച്ചതിന് കൊളേജല്ല കുറ്റക്കാർ : മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം> ‌മഹാരാജാസ്‌ കോളേജിന്റെ പേരിൽ വിദ്യ എന്ന പെൺകുട്ടി വ്യാജരേഖ ചമച്ചതിന് പ്രിൻസിപ്പലോ കൊളേജോ കുറ്റക്കാരാകുന്നത് എങ്ങനെയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യയാണ് തെറ്റ് ചെയ്തത്. അവർ ഹാജരാക്കിയ  കൊളേജിന്റെ ലെറ്റർപാഡും സീലും വ്യാജമാണ്. മുതിർന്ന വ്യക്തിയാണ് വിദ്യ. അങ്ങനെയൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ തന്നെയാണ് നിക്ഷിപ്തമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. എൻഐആർഎഫ് റാങ്കിങിൽ മികച്ച സ്ഥാനം നേടി മുന്നേറുന്ന മഹാരാജാസ് കൊളേജിനെ വിലയിടിച്ച് കാട്ടാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിഷയത്തിൽ കാര്യങ്ങൾ വ്യക്തമായതാണ്. സാങ്കേതിക പിഴവാണ് സംഭവിച്ചത്. ഇതിന്റെ പേരിൽ ആർഷോയെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ല.ജൂനിയർ ക്ലാസിലെ വിദ്യാർഥികളുടേതിന് ഒപ്പം ആർഷോയുടെ മാർക്ക് ലിസ്റ്റ് എങ്ങനെ വന്നു എന്ന് സർക്കാർ  അന്വേഷിക്കും.ഇത് സംബന്ധിച്ച് ആർഷോയുടെ പരാതിയും ലഭിച്ചിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിഷയം കാലടി സർവകലാശാല സിൻഡിക്കേറ്റിന്റെ ലീ​ഗൽ സബ് കമ്മിറ്റി അന്വേഷിക്കുകയാണ്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സർവകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കും. കാലടി സർവകലാശാലയോട് വ്യാഴാഴ്ച വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News