രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം അധികാരക്കൊതി മൂത്ത ചിന്തകളുടെ ശിബിരമായി മാത്രം സമാപിച്ചു: മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്> രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് കോൺ​ഗ്രസ് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സർക്കാരായി എൽഡിഎഫ് സർക്കാർ മാറുന്നു എന്ന അസംബന്ധമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിലക്കയറ്റം, തൊഴില്ലാഴ്‌മ പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾക്ക് കാരണം കേന്ദ്രസർക്കാർ അല്ല കേരളസർക്കാരാണെന്ന് വരുത്തി തീർക്കാൻ എപ്പോഴും വ്യഗ്രത കാണിക്കുന്ന കെപിസിസി നേതൃത്വത്തിന്റെ സങ്കുചിത നിലപാട് തിരുത്തണമെന്ന് എന്ത് കൊണ്ട് ശിബിരം ചിന്തിച്ചില്ലെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് "ഇടതുവിരുദ്ധത മാത്രം ചിന്തിക്കാനായൊരു  ശിബിർ" ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ? മതനിരപേക്ഷത വേണമോ? എന്ന് ചോദിച്ചാൽ ഞാൻ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന അബ്ദുൽ കലാം ആസാദിന്റെ പ്രഖ്യാപനത്തിന്റെ സന്ദേശത്തെ കുറിച്ച് പോലും, എന്ത് കൊണ്ട് ശിബിറിൽ കോൺഗ്രസ് നേതൃത്വം ചിന്തിച്ചില്ല ? ചിന്തൻ ശിബിറിന്റെ അർത്ഥം ധ്യാനം അഥവാ ചിന്തകളുടെ ക്യാമ്പ് എന്നാണ്. ധ്യാനിച്ചും ചിന്തിച്ചും ക്യാമ്പിലിരുന്ന് കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ട് വന്നത് നല്ലത് തന്നെ. സംഘടനാ സമ്മേളനങ്ങൾ കാലങ്ങളായി സംഘടിപ്പിക്കുവാനാകാതെ വീർപ്പുമുട്ടുന്ന കോൺഗ്രസിന് മരുഭൂമിയിൽ പെയ്ത മഴത്തുള്ളി പോലെ ചിന്തൻ ശിബിർ താല്കാലിക ആശ്വാസമാവട്ടെ എന്ന് ആശംസിക്കുന്നു.   ചിന്തൻ ശിബിരത്തിന്റെ സമാപനത്തിൽ കെപിസിസി പ്രസിഡന്റ് ശ്രീ കെ. സുധാകരൻ അവതരിപ്പിച്ച നയരേഖ മതനിരപേക്ഷ മനസുകളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. കേരളത്തിലെ  കോൺഗ്രസിന് കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ച തിരിച്ചടിയുടെ യഥാർത്ഥ കാരണങ്ങളെ സംബന്ധിച്ച് നയരേഖ മൗനം പാലിച്ചു എന്നത് ദൗർഭാഗ്യകരമാണ്. കോൺഗ്രസിനേറ്റ തിരിച്ചടിയുടെ  കാരണങ്ങളിലൊന്ന് കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു എന്നതു തന്നെയാണ്. (ഇതിൽ സംശയമുണ്ടെങ്കിൽ 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ മതി) വോട്ട് ചോരലും വോട്ട് മറിക്കലും രണ്ടും രണ്ടാണ്. നേതൃത്വം അറിഞ്ഞു കൊണ്ട് നടക്കുന്നതാണ് വോട്ട് മറിക്കൽ. വോട്ടു ചോരൽ എന്നാൽ മറ്റൊരു ആശയത്തിന്റെ സ്വാധീനത്തിൽപ്പെട്ട് നേതൃത്വത്തിനു പോലും തടയാനാകാതെ നടക്കുന്ന പ്രക്രിയയാണ്. വോട്ട്ചോർച്ച അമർന്ന് കത്തുന്നതാണ്. രാഷ്ട്രീയ നിലപാടുകളിൽ തിരുത്തൽ വരുത്തി മാത്രമേ ഈ ചോർച്ച തടയാനാകുക. എന്താണ് ഈ ചോർച്ചക്ക് കാരണം?  ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ചിന്തൻ ശിബിരം തയ്യാറായിട്ടില്ല. മൃദു ഹിന്ദുത്വ വാദത്തിന്റെ പിടിയിൽ കോൺഗ്രസ് പെട്ടു പോവുന്നു എന്നതാണ്  വോട്ടു ചോർച്ചക്കും കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്കും കാരണം. ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ കേരളത്തിലെ കോൺഗ്രസ് മടിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസിനൊപ്പം നിന്നിരുന്ന മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തിനോട് അടുക്കുന്നതിനും കാരണമായി. ഇങ്ങനെ രണ്ട് വ്യത്യസ്ത ദിശയിലേക്ക് കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ചെന്നെത്തി. കുതബ് മിനാറിന്റെ മുകളിൽ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ മതനിരപേക്ഷത വേണമോ എന്ന് ചോദിച്ചാൽ ഞാൻ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന് പ്രഖ്യാപിച്ച അബ്ദുൽ കലാം ആസാദിന്റെ വാക്കുകളെങ്കിലും ഓർക്കണമായിരുന്നു കോൺഗ്രസ് ശിബിരം. മതനിരപേക്ഷതയില്ലെങ്കിൽ ഇന്ത്യയിൽ സ്വാതന്ത്യം നിലനിൽക്കില്ല എന്ന വസ്തുതയുടെ തിരിച്ചറിവാണ് അബ്ദുൽ കലാം ആസാദ് അന്ന് അങ്ങനെ പറയാൻ ഇടയായത്. മൃദു ഹിന്ദുത്വ നിലപാടിൽ നിന്നും തീവ്ര മതനിരപേക്ഷ നിലപാടിലേക്ക് കോൺഗ്രസിനെ തിരിച്ചു കൊണ്ടു വരാൻ എന്ത് തീരുമാനമാണ് ഈ ശിബിരം കൈക്കൊണ്ടത്?. രാജ്യത്തെ മതനിരപേക്ഷത കനത്ത വെല്ലുവിളികൾ നേരിട്ടപ്പോഴും മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലായപ്പോഴും കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിന്റെ അപകടരമായ മൗനത്തെ ശിബിരം ചോദ്യം ചെയ്ത് കണ്ടില്ല ? രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സർക്കാരായി എൽ.ഡി.എഫ് സർക്കാർ മാറുന്നു എന്ന അസംബന്ധമാണ്. ഇതാണോ ശിബിരം ചിന്തകൾ കണ്ടെത്തിയ കേരളത്തിലെ കോൺഗ്രസ് നേരിടുന്ന പ്രശ്‌നം ? എൽ.ഡി.എഫ് സർക്കാരിന് ഇടതു സ്വഭാവം നഷ്ടപ്പെടുന്നു എന്ന അസംബന്ധ വാദവും കോൺഗ്രസിൽ നിന്നും വോട്ട് ബി.ജെ.പിയിലേക്ക് ചോരുന്നു എന്ന വസ്തുതയും തമ്മിൽ എന്താണ്  ബന്ധം?.  ഈ ചോദ്യത്തിന് ഉത്തരം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താൻ ശിബിരം നയിച്ചവരോട് അഭ്യർത്ഥിക്കുന്നു.  വിലക്കയറ്റം, തൊഴില്ലാഴ്മ പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾക്ക് കാരണം കേന്ദ്രസർക്കാർ അല്ല കേരളസർക്കാരാണെന്ന് വരുത്തി തീർക്കാൻ എപ്പോഴും വ്യഗ്രത കാണിക്കുന്ന കെപിസിസി നേതൃത്വത്തിന്റെ സങ്കുചിത നിലപാട് തിരുത്തണമെന്ന് എന്ത് കൊണ്ട് ശിബിരം ചിന്തിച്ചില്ല ? അധികാരത്തിൽ എങ്ങനെയെങ്കില്ലും കയറിപ്പറ്റുക എന്നതിനെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് വീർപ്പുമുട്ടിയ ശിബിരത്തിന്  അപകടത്തിലാണ്ടു പോകുന്ന കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാനാകുമോ? തെറ്റായ ഇത്തരം രാഷ്ട്രീയ ചിന്തകളെ തിരുത്താൻ സ്വന്തം മനസ്സിനകത്ത് ശിബിരം നടത്താനല്ലേ കോൺഗ്രസ് നേതൃത്വം ആദ്യം തയ്യാറാകേണ്ടത് ? കേരളത്തിൽ കോൺഗ്രസ് ചരിത്രത്തിലാദ്യമായി തുടർപ്രതിപക്ഷമായതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാർ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഭൂരിപക്ഷ വർഗ്ഗീയതയേയും അതിനെ ചെറുക്കാനെന്ന പേരിൽ വളർന്നു വരുന്ന ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരു പോലെ തലോടി കൊണ്ട് കേരളത്തിലെ അധികാര കസേര എന്ന ഒറ്റ ലക്ഷ്യവുമായി പോകുന്നതു കൊണ്ടല്ലേ കോൺഗ്രസ് തീവ്രമതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ തയ്യാറാവാത്തത് ? മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിലെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തയ്യാറാവാത്ത നിലപാട് എന്തുകൊണ്ട്  ശിബിരം തിരുത്തിയില്ല? അന്ധമായ ഇടതുപക്ഷ വിരോധം..നിയന്ത്രിക്കാനാവാത്ത അധികാരക്കൊതി.. തുടർ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ.. ഈ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ചിന്തൻ ശിബിർ അതു കൊണ്ട് തന്നെ അധികാരക്കൊതി മൂത്ത ചിന്തകളുടെ ശിബിരമായി മാത്രം സമാപിച്ചു. -പി എ മുഹമ്മദ് റിയാസ് - Read on deshabhimani.com

Related News