ഇഎംഎൽ ഫെബ്രുവരി പകുതിയോടെ പ്രവർത്തനം ആരംഭിക്കും: മന്ത്രി പി രാജീവ്

ഇഎംഎൽ പുനരുദ്ധാരണ പാക്കേജിൽ നിന്ന് ആദ്യ ഗഡു 20 കോടി രൂപയുടെ സമ്മതപത്രം മന്ത്രി പി രാജീവ് സിഎംഡി മുഹമ്മദ് ഹനീഷിന് കൈമാറുന്നു


കാസർകോട് > കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഇഎംഎൽ കമ്പനി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഫാക്‌ടറി സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് വർഷം പൂട്ടിയിട്ടതിനാൽ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും കൂടുതൽ സമയം വേണ്ടി വന്നതിനാലാണ് പ്രവർത്തനം വൈകുന്നത്. മേൽക്കൂര പൂർണമായും മാറ്റി. യന്ത്രങ്ങളിൽ ഭൂരിഭാഗവും നന്നാക്കി. എച്ച്എംടി, ക്രോംടൺ എന്നീ കമ്പിനികളുടെ യന്ത്രങ്ങളാണ് നന്നാക്കാൻ ബാക്കി. പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പാക്കേജിൽ നിന്ന് ആദ്യ ഗഡുവായ 20 കോടി രൂപയുടെ അനുമതിപത്രം മന്ത്രി ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ മുഹമ്മദ് ഹനീഷിന് കൈമാറി. സ്ഥാപനത്തിന്റെ മുൻകൂർ ആവശ്യങ്ങൾക്ക് തുക വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫാക്‌ടറിയോടനുബന്ധിച്ചു നാല് ഏക്കർ സ്ഥലത്ത് കിൻഫ്രയുമായി സഹകരിച്ച്‌ വ്യവസായ പാർക്ക് സാധ്യമാണോ എന്ന് പരിശോധിക്കും. സ്ഥാപനത്തിലെ 1500 ചതുരശ്രമീറ്റർ സ്ഥലം സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News