തൃക്കാക്കരയുടെ വികസനം തടയാൻ യുഡിഎഫ്‌ ശ്രമം: മന്ത്രി പി രാജീവ്



കൊച്ചി> തൃക്കാക്കരയെ കൊച്ചിയുടെ വികസന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുമ്പോൾ അതെല്ലാം തടഞ്ഞ്‌ തൃക്കാക്കരയെ പിന്നോട്ടടിപ്പിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. നിർദ്ദിഷ്‌ട കെ- റെയിലിന്റെ ജില്ലയിലെ ഏക സ്‌റ്റേറഷനടുത്ത്‌ കാക്കനാട്‌  വാട്ടർ മെട്രോ സ്‌റ്റേഷൻ തയ്യാറായിക്കഴിഞ്ഞു. മെട്രോ റെയിൽ കലൂർ സ്‌റ്റേഡിയത്തിൽ നിന്ന്‌ കാക്കനാട്ടേക്ക്‌ എത്തിക്കാൻ സ്ഥലമേറ്റെടുക്കൽ ഉൾപ്പടെ എല്ലാ ഒരുക്കവും സംസ്ഥാനസർക്കാർ പൂർത്തിയാക്കി. ഇത്‌ മൂന്നും ചേരുമ്പോൾ തൃക്കാക്കരയിൽനിന്ന്‌ കൊച്ചി നഗരത്തിലേക്ക്‌ യാത്ര അതിവേഗമാകും.  ഇതെല്ലാം ചേർന്ന്‌ കേരളത്തിന്റെ തന്നെ പ്രധാന  കേന്ദ്രമായി തൃക്കാക്കര മാറും. അതിന്‌ നേതൃത്വം നൽകാൻ തൃക്കാക്കരയ്‌ക്കും ഭരണകക്ഷി എംഎൽഎ വേണമെന്ന്‌ ജനങ്ങൾക്കറിയാം. എന്നാൽ തൃക്കാക്കരയുടെ വികസനത്തെ ബിജെപിയുമായി ചേർന്ന്‌ ഇതിനെല്ലാം തടയിടാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. കെ– റെയിലിന്‌ അനുമതി നൽകരുതെന്ന്‌ പറഞ്ഞ്‌ ഡൽഹി പൊലീസുമായി ഏറ്റുമുട്ടിയ എംപിമാരിൽ ഒരാളെങ്കിലും മെട്രോ രണ്ടാംഘട്ടത്തിന്‌ മൂന്നുവർഷമായി വൈകിക്കുന്ന അനുമതി തരണമെന്ന്‌ പറഞ്ഞ്‌ ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ ഒരു നിമിഷം സത്യഗ്രഹത്തിനു തയ്യാറായോ? കാക്കനാട്‌ മെട്രോ അനുമതി നൽകാത്തതിന്‌ ബിജെപി സർക്കാരിനെതിരെ ഒരക്ഷരം പറയാൻ പ്രതിപക്ഷ നേതാവ്‌ തയ്യാറല്ല. പകരം പദ്ധതിക്കുവേണ്ടി സമരം ചെയ്‌ത ഞങ്ങളെക്കുറിച്ച്‌ നുണപറയുന്നത്‌ പ്രതിപക്ഷ നേതാവിന്‌ അടുത്തകാലത്തെ ചരിത്രം മാത്രം അറിയുന്നതുകൊണ്ടാണ്‌. ഗെയിൽ പൈപ്പിടുമ്പോൾ ഭൂമിക്കടിയിൽ ബോംബാണ്‌ കുഴിച്ചിടുന്നതെന്ന്‌ ഞാൻ പറഞ്ഞെന്ന്‌ പ്രതിപക്ഷ നേതാവിന്‌ തെളിയിക്കാമോ എന്ന്‌ വെല്ലുവിളിക്കുകയാണ്‌. കൊച്ചി മെട്രോ ആദ്യ ഘട്ടത്തിനു അനുമതി തേടി ഞങ്ങൾ സമരം ചെയ്‌തിട്ടുണ്ട്‌. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർക്കൊപ്പം പ്രധാനമന്ത്രിയെക്കണ്ടിട്ടുണ്ട്‌. ഗെയിൽ സ്ഥലമെടുപ്പിൽ ന്യായമായ നഷ്‌ടപരിഹാരം നൽകണമെന്ന്‌ പറഞ്ഞ്‌ സമരം ചെയ്‌തിട്ടുണ്ട്‌. അല്ലാതെ പദ്ധതിക്കെതിരെ സമരം ചെയ്‌തിട്ടില്ല. അന്ന്‌ ആ സമരം കൊണ്ടാണ്‌ പറവൂരിൽ ന്യായമായ നഷ്‌ടപരിഹാരം ലഭിച്ചത്‌. ഭൂമിയുടെ ന്യായവില ഉയർത്തിയാണ്‌ ദേശീയപാതയ്‌ക്കും ഒരു എതിർപ്പുമില്ലാതെ പിണറായി സർക്കാർ സ്ഥലമേറ്റെടുത്തതെന്നും വി ഡി സതീശൻ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News