കൊച്ചിക്കുള്ളത് വികസനത്തിനായി ഏത് ത്യാഗവും സഹിച്ച ചരിത്രം: മന്ത്രി പി രാജീവ്



എറണാകുളം > വികസനത്തിനായി ഏത് ത്യാഗവും സഹിക്കാൻ തയ്യാറായ ചരിത്രമുള്ള നാടാണ്‌ കൊച്ചിയെന്ന് മന്ത്രി പി രാജീവ്. ലോകത്തിന്റെ മുന്നിൽ കൊച്ചിയുടെ അടയാളമായ കൊച്ചിൻ ഷിപ്പ് യാർഡിന്‌ വേണ്ടി സെമിത്തേരി വരെ വിട്ടു നൽകിയതാണ് കൊച്ചിയിലെ വിശ്വാസികൾ. ആ സ്ഥാപനമാണ്‌ ഇന്ന് പ്രതിരോധ സേനക്ക്‌ വേണ്ടി ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പൽ നിർമിക്കുന്ന വിധത്തിൽ നക്ഷത്ര പദവിയോടെ തിളങ്ങി നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ അധ്യക്ഷത വഹിച്ച്‌  സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സൂചനകളിൽ കേരളം വികസിത രാജ്യങ്ങളുമായി കിടപിടിക്കാവുന്ന മികവുള്ള  ഇടമാണ്. എന്നാൽ പശ്ചാത്തല സൗകര്യത്തിലും ഉല്പാദന മേഖലയിലും നാം പിന്നോക്കാവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. ആ മേഖലയും വികസിത രാജ്യങ്ങളോടൊപ്പം എത്തുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ്‌ സിൽവർലൈൻ പദ്ധതി. പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം വരാൻ പോകുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ നിന്നും വടക്കോട്ടും തെക്കോട്ടും രണ്ട് മണിക്കൂർ വേണ്ട എന്നുള്ളതാണ് നമ്മുടെ നേട്ടം. ആ വലിയൊരു നേട്ടം നമ്മുടെ വ്യവസായ മേഖലക്കും വാണിജ്യ മേഖലക്കും ടൂറിസം മേഖലക്കും ഉണർവ് നൽകാൻ സഹായമാകുന്നതാണെന്നും പി രാജീവ് പറഞ്ഞു. Read on deshabhimani.com

Related News