എ ഐ ക്യാമറ: കെൽട്രോൺ ടെൻഡർ സുതാര്യം; വിവാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്



തിരുവനന്തപുരം എഐ കാമറയുമായി ബന്ധപ്പെട്ട്‌ ഉയർന്ന വിവാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തതെന്ന്‌ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്‌. സുതാര്യമായാണ്‌ പദ്ധതി നടപ്പാക്കിയതെന്നും മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ടെൻഡർ നടപടി പൂർത്തിയാക്കിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിന്റെ റിപ്പോർട്ട്‌ വ്യവസായ വകുപ്പിനു ലഭിച്ചതായി മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ കെൽട്രോൺ ഡിപിആർ തയ്യാറാക്കി സമർപ്പിച്ചത്‌. അത്‌ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സാങ്കേതിക സമിതി പരിശോധിച്ച്‌ അംഗീകരിച്ചു. ഈ സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയാണ്‌ സർക്കാർ കെൽട്രോണിന്‌ ഓർഡർ നൽകിയത്‌. തുടർന്ന്‌ മോട്ടോർ വാഹന വകുപ്പ്‌ കെൽട്രോണുമായി സർവീസ്‌ ലെവൽ കരാറിൽ ഏർപ്പെട്ടു. പദ്ധതി നടപ്പാക്കിയശേഷം മൂന്നുമാസ ഇടവേളയിൽ സാങ്കേതിക സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 20 തുല്യ ഗഡുക്കളായാണ്‌ കെൽട്രോണിന്‌ തുക കൈമാറുന്നത്‌. കേന്ദ്ര വിജിലൻസ്‌ കമീഷൻ മാർഗനിർദേശം പൂർണമായും പാലിച്ച്‌ സുതാര്യമായാണ്‌ ടെൻഡർ പൂർത്തിയാക്കിയത്‌. ഓരോ ഘട്ടത്തിലും ആവശ്യമായ രേഖകൾ അപ്‌ലോഡ്‌ ചെയ്‌തിരുന്നു. ഡാറ്റ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ്‌, ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവ ഒഴികെ എല്ലാ കാര്യങ്ങളിലും ഉപകരാർ അനുവദനീയമാണ്‌. കെൽട്രോണും എസ്‌ആർഐടിയുമായാണ്‌ സർവീസ്‌ ലെവൽ എഗ്രിമെന്റ്‌. അതിൽ ഉപകരാറുകാരുടെ പേര്‌ പരാമർശിക്കേണ്ട കാര്യമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. ഉന്നതാധികാര സമിതി രൂപീകരിക്കണം ഭാവിയിൽ സമാന പദ്ധതികൾ നടപ്പാക്കുമ്പോൾ മതിയായ പരിശോധന ഉറപ്പുവരുത്താൻ ഉന്നതാധികാര സമിതിക്ക്‌ സർക്കാർ രൂപം നൽകുന്നത്‌ നന്നാകുമെന്ന്‌ റിപ്പോർട്ടിൽ നിർദേശമുണ്ട്‌. ബാഹ്യ ഏജൻസികളുമായി കരാറിൽ ഏർപ്പെടുന്നതിന്‌ തടസ്സമില്ല. എന്നാൽ,  നിയമപരമായും ഘടനാപരമായും കെൽട്രോണിന്റെ താൽപ്പര്യം സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം. കെൽട്രോണുമായി സഹകരിക്കുന്ന സർക്കാർ ഏജൻസികളും വകുപ്പുകളും ആഭ്യന്തര നടപടിക്രമങ്ങൾ പദ്ധതി ആരംഭിക്കുംമുമ്പുതന്നെ പൂർത്തിയാക്കണമെന്നും റിപ്പോർട്ട്‌ നിർദേശിക്കുന്നു. Read on deshabhimani.com

Related News