അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി: മന്ത്രി പി പ്രസാദ്



മൂവാറ്റുപുഴ > കരുതലും കൈത്താങ്ങും അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. കരുതലും കൈത്താങ്ങും മുവാറ്റുപുഴ താലൂക്കുതല അദാലത്ത് മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ജനങ്ങൾക്ക് മുന്നിൽവച്ച് സുതാര്യമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അദാലത്തിലൂടെ ചെയ്യുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടുണ്ടാകണമെന്ന സന്ദേശമാണ് അദാലത്തിലൂടെ നൽകുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല ഭാവിയിൽ ജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുക കൂടിയാണ്. അദാലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം അവലോകന യോഗം ചേരും. എടുത്ത തീരുമാനങ്ങൾ വൈകിപ്പിക്കുന്ന സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കരുത്'- മന്ത്രി പറഞ്ഞു. സർക്കാർ അധികാരമേറ്റശേഷം ഭരണ സംവിധാനത്തിൽ നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി രാജീവ് പറഞ്ഞു. എന്നാൽ ചില പുഴുക്കുത്തുകൾ ഇപ്പോഴുമുണ്ട്. കൊളോണിയൽ കാലഘട്ടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ചില ഉദ്യോഗസ്ഥരിലുണ്ട്. ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യത്തോടെ വേണം ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ. ജനങ്ങൾക്കാവശ്യമായ സേവനം ഉദ്യോഗസ്ഥർ നൽകണം. ഓരോ താലൂക്കിലും എടുത്ത അദാലത്തിലെ തീരുമാനങ്ങൾ ഓരോ വകുപ്പു മേധാവിയും കൃത്യമായി പരിശോധിക്കണം. ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ11 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വേദിയിൽ വിതരണം ചെയ്‌തു. അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, ആർഡിഒ പി എൻ അനി, ഡിഎഫ്ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്‌ടർമാരായ ബി അനിൽകുമാർ, എസ് ബിന്ദു, ഹുസൂർ ശിരസ്‌തദാർ കെ അനിൽകുമാർ മേനോൻ, മൂവാറ്റുപുഴ തഹസിൽദാർ കെ എസ് സതീശൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News