കുഴിയടയ്‌ക്കുന്ന കാര്യത്തിൽ കർക്കശ നടപടി; അറ്റകുറ്റപ്പണി കൃത്യമായി നടത്തണമെന്നത് സർക്കാർ നിലപാട്- മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്> റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വീഴ്‌ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്‌ക്കാൻ എൻഎച്ച്എഐക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാൻ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എൻഎച്ച്എഐ നൽകിയാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. നേരത്തെ ആലപ്പുഴയിൽ സമാനമായ രീതിയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു.  ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം ദേശീയപാത പാത നവീകരണത്തിൻ്റെ ഭാഗമായി രാമനാട്ടുകരയിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണം 2023 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായുള്ള പുതിയ മേൽപ്പാലത്തിൻ്റെയും റോഡിൻ്റെയും പ്രവൃത്തി പരിശോധിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. മേൽപാലത്തോടൊപ്പം റോഡ് നിർമ്മാണവും നിലവിൽ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതുൾപ്പെടുന്ന വെങ്ങളം - രാമനാട്ടുക  റോഡ് നവീകരണ പ്രവൃത്തി 2024 ലും സംസ്ഥാനത്ത് മൊത്തത്തിൽ വടക്ക് തലപ്പാടി മുതൽ തെക്ക് തിരുവനന്തപുരം  തമിഴ്നാട് അതിർത്തിയായ കാരോട് വരെയും നിലവിലെ സാഹചര്യത്തിൽ  പൂർണമായും 2025 ൽ തന്നെ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News