തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് കനത്ത ക്ഷീണം; ബിജെപിക്ക് വോട്ട് മറിച്ചു കൊടുത്തവർക്കെതിരെ അന്വേഷണം നടത്തുമോ- മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി> തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് കനത്ത ക്ഷീണമുണ്ടാക്കുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുകൊണ്ട് ബിജെപിയെ വിജയിപ്പിച്ചു എന്ന് വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണെന്നും വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിളിച്ചോതുന്നത്.... 42 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് വിജയം. ഇന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് മിന്നും വിജയം കാഴ്ചവെച്ചു. 20 സിറ്റുകള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് 24 ലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് സംഭവിച്ചത്. 16 സീറ്റ് ആണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇത് 12 സീറ്റുകള്‍ ആയി കുറഞ്ഞു. തൃക്കാക്കര നിയമസഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമൺതോപ്പ് വാര്‍ഡിലുൾപ്പടെ കോൺഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുകൊണ്ട് ബിജെപിയെ വിജയിപ്പിച്ചു എന്ന് വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കയ്യിലാണ് ഈ വോട്ട് കച്ചവടം. ഇതിനെതിരെ പ്രതിഷേധം കോൺഗ്രസിൽ ഉയരുമെന്ന് ഉറപ്പ്. തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയിൽ കോൺഗ്രസ് വോട്ട് എന്തിന് BJP ക്ക് മറിച്ചു? വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ.? അവിശുദ്ധ സഖ്യങ്ങളെയെല്ലാം തട്ടിമാറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങൾ. Read on deshabhimani.com