പോഷകബാല്യം പദ്ധതി; ആ പാലും മുട്ടയും കേരളത്തിന്റേത്‌



തിരുവനന്തപുരം>  "വിശപ്പ്‌ രഹിത ബാല്യം' ലക്ഷ്യത്തോടെ കേരള സർക്കാർ 2022–-23 ബജറ്റിൽ പ്രഖ്യാപിച്ച്‌ 61.50 കോടി രൂപ വകയിരുത്തിയ അഭിമാനപദ്ധതിയുടെ പിതൃത്വം തട്ടിയെടുക്കാൻ സംഘപരിവാറിന്റെ വിഫല ശ്രമം. സ്‌റ്റേറ്റ്‌ പ്ലാൻ ഫണ്ടിൽനിന്നാണ്‌ അങ്കണവാടി കുട്ടികൾക്ക്‌ ആഴ്‌ചയിൽ രണ്ടുദിവസം വീതം മുട്ടയും പാലും നൽകാനുള്ള ഫണ്ട്‌ അനുവദിച്ചത്‌. ഇത്‌ കേന്ദ്ര ഫണ്ടാണെന്ന വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്‌ ബിജെപി നേതാക്കളും കേന്ദ്രഅനുകൂല മാധ്യമങ്ങളും. കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക്‌ തുക വകയിരുത്തി. തുടർന്ന് മേയിൽ വനിതാ ശിശു വികസന വകുപ്പ്‌ മുട്ട വിതരണത്തിന്‌ 30 കോടിയും പാൽ വിതരണത്തിന്‌ 31.50 കോടി രൂപയും അനുവദിച്ചു. 44 ആഴ്ചയിലേക്ക്‌ മുട്ടയും പാലും വിതരണംചെയ്യാനുള്ള തുകയാണിത്‌. ഒരു മുട്ടയും 125 മി.ലിറ്റർ പാലുമാണ്‌ ദിവസം നൽകുക. മൂന്നുമുതൽ ആറുവരെ പ്രായമുള്ള ഏകദേശം അഞ്ചരലക്ഷം കുട്ടികളാണ്‌  ഗുണഭോക്താക്കൾ. ആഗസ്ത്‌ ഒന്നിനാണ്‌ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചത്‌. നിലവിൽ ആഴ്‌ചയിൽ രണ്ട്‌ ദിവസം വീതമാണ്‌ പാലും മുട്ടയും കുട്ടികൾക്ക്‌ നൽകുന്നത്‌. ഇത്‌ ആറ്‌ ദിവസവും നീട്ടണമെന്ന ആഗ്രഹം മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇതിന്‌ അധികമായി സംസ്ഥാനത്തിന്‌ ആവശ്യം 38 കോടി രൂപയാണ്‌. ഇത്‌ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.  Read on deshabhimani.com

Related News