കലയുടെ നിലാവായി ‘അനേക’ ഉദിച്ചു ; എംജി സർവകലാശാല കലോത്സവം മഹാരാജാസിന്റെ മണ്ണിൽ തുടക്കമായി



കൊച്ചി കലയുടെ പൂനിലാവ് നാടാകെ പരത്തി എംജി സർവകലാശാല കലോത്സവം -‘അനേക’യ്ക്ക്‌ മഹാരാജാസിന്റെ മണ്ണിൽ തുടക്കമായി. ബുധൻ വൈകിട്ട്‌ പ്രധാന വേദിയായ മഹാരാജാസ് കോളേജ് മെൻസ്‌ ഹോസ്‌റ്റൽ ഗ്രൗണ്ടിലെ നങ്ങേലി നഗറിൽ നാടകനടി നിലമ്പൂർ ആയിഷ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. ഇനി നാലുനാൾ കലയുടെയും സൗഹൃദത്തിന്റെയും അവിസ്‌മരണീയ നിമിഷങ്ങൾ.  ഉദ്‌ഘാടനശേഷം പ്രധാനവേദിയിൽ നടന്ന തിരുവാതിര മത്സരത്തെ നിറഞ്ഞ കൈയടികളോടെ കലാപ്രേമികൾ വരവേറ്റു. രണ്ടാംവേദിയായ ലോ കോളേജ്‌ ഗ്രൗണ്ടിൽ സംഘഗാനവും മൂന്നാംവേദിയായ മഹാരാജാസ് കോളേജ്‌ ഇംഗ്ലീഷ് മെയിൻഹാളിൽ കേരളനടനവും അരങ്ങേറി. ഞായർവരെ എട്ട്‌ വേദികളിലായി നടക്കുന്ന കലോത്സവത്തിൽ അഞ്ച് ജില്ലകളിലെ 212 കോളേജുകളിൽനിന്ന്‌ എണ്ണായിരത്തിലധികം പ്രതിഭകൾ മത്സരിക്കും. മൂന്ന്‌ ട്രാൻസ്ജെൻഡർ വിദ്യാർഥികളും മത്സരാർഥികളായുണ്ട്‌. മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട്, മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലാണ്‌ വേദികൾ. ഉദ്‌ഘാടനച്ചടങ്ങിൽ സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ ജിനീഷ രാജൻ അധ്യക്ഷയായി. എഴുത്തുകാരായ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ, ദീപ നിശാന്ത്, സംഘാടകസമിതി ചെയർമാനും കൊച്ചി മേയറുമായ എം അനിൽകുമാർ, സംഘാടകസമിതി ജനറൽ കൺവീനർ അർജുൻ ബാബു, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ഷാജില ബീവി, പ്രൊഫ. പി ഹരികൃഷ്ണൻ, ഡോ. ആർ അനിത, എംജി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി എം ശ്രീജിത്, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ്‌ ജോയ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. എം എസ് മുരളി, ഡിഎസ്എസ് ഡയറക്ടർ എബ്രഹാം കെ സാമുവേൽ, എംജി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി യദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ ഇടങ്ങൾ
തിരിച്ചുപിടിക്കണം: ബെന്യാമിൻ കൂടിക്കലർപ്പിന്റെ സൗന്ദര്യമാണ്‌ സമൂഹത്തിന്റെ ആരോഗ്യമെന്ന്‌ എഴുത്തുകാരൻ ബെന്യാമിൻ. ജനാധിപത്യത്തിന്റെയും സർഗാത്മകതയുടെയും ആവിഷ്‌കാരത്തിന്റെ ഇടങ്ങൾ അടഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്‌. മത്സരമെന്നതിനേക്കാൾ കൂടിച്ചേരലിന്റെ വേദിയായി കലോത്സവവേദികൾ മാറണം. സർഗാത്മകതയോടൊപ്പം പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടങ്ങളാകണം. ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശക്തമായ കലാവിഷ്‌കാരങ്ങൾ ഉണ്ടായിട്ടുണ്ട്‌. നഷ്ടമായ സ്വാതന്ത്ര്യത്തിന്റെ ഇടങ്ങൾ തിരിച്ചുപിടിക്കാൻ കലയും സാഹിത്യവുംകൊണ്ട്‌ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.   നാടകം പറഞ്ഞതും വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യം: നിലമ്പൂർ ആയിഷ വിദ്യാഭ്യാസമാണ്‌ നമുക്ക്‌ ഏറ്റവും അനിവാര്യമെന്ന്‌ നാടകനടി നിലമ്പൂർ ആയിഷ. എംജി സർവകലാശാല കലോത്സവം ‘അനേക’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരുകാലഘട്ടത്തിൽ കേരളത്തിൽ വിദ്യാഭ്യാസമേ ഉണ്ടായിരുന്നില്ല. പെൺകുട്ടികളെയും ആൺകുട്ടികളെയും വിദ്യയിലൂടെ രാജ്യം ഭരിക്കാൻ പ്രാപ്‌തരാക്കണം എന്ന സന്ദേശം നൽകുന്ന നാടകങ്ങളിലൂടെയാണ്‌ താൻ കലാരംഗത്തേക്ക്‌ കടന്നുവന്നത്‌. വിദ്യയിലൂടെ യുവതലമുറയെ നല്ല തലമുറയാക്കി മാറ്റാനാകും. ഇത്‌ ഐക്യകേരളത്തെ കൂടുതൽ ഉയരങ്ങളിലേക്ക്‌ എത്തിക്കുമെന്നും നിലമ്പൂർ ആയിഷ പറഞ്ഞു.  പേരുകൾ സമരപ്രഖ്യാപനമാകുന്ന
കാലം: ദീപ നിശാന്ത്‌ പേരുകളെന്നത്‌ ഇന്ന്‌ സമരപ്രഖ്യാപനമാണെന്ന്‌ എഴുത്തുകാരി ദീപ നിശാന്ത്‌. ‘അനേക’ എന്നാണ്‌ എംജി സർവകലാശാല കലോത്സവത്തിന്‌ നൽകിയിരിക്കുന്നത്‌. ഇത്‌ ബഹുസ്വരതയെ രേഖപ്പെടുത്തുന്നു. ഇന്ന്‌ പല പേരുകളും മാറ്റുന്ന കാലഘട്ടമാണ്‌. മുഗൾ ഉദ്യാനത്തിന്റെ പേര്‌ മാറ്റി അമൃതോദ്യാനം എന്നാക്കി. വാലന്റൈൻസ്‌ ദിനത്തിൽ മനുഷ്യനെയല്ല, പശുവിനെ കെട്ടിപ്പിടിച്ചാൽ മതിയെന്ന്‌ ഭരണവർഗം പറയുന്ന കാലഘട്ടമാണിതെന്നും ദീപ നിശാന്ത്‌ പറഞ്ഞു. അനേകയിൽ ഇന്ന്‌ വേദി -1  –  മഹാരാജാസ് കോളേജ് ഗ്രൗണ്ട്: മോണോ ആക്ട്–- രാവിലെ ഒമ്പതിന്, സ്കിറ്റ്–- വൈകിട്ട് അഞ്ചിന് വേദി- 2  – ലോ കോളേജ് ഗ്രൗണ്ട്: -ഭരതനാട്യം (ആൺ)–- രാവിലെ ഒമ്പതിന്, ഭരതനാട്യം (ട്രാൻസ്ജൻഡർ)–- പകൽ രണ്ടിന്, മോഹിനിയാട്ടം–- പകൽ മൂന്നിന്‌. വേദി -3 – മഹാരാജാസ് ഇംഗ്ലീഷ് മെയിൻ ഹാൾ: കഥകളി–- രാവിലെ ഒമ്പതിന്, ഭരതനാട്യം (പെൺ)–- പകൽ 12ന്. വേദി- 4 – മഹാരാജാസ് മലയാളം ഹാൾ: അക്ഷരോത്സവം–- രാവിലെ ഒമ്പതിന്‌, കാവ്യകേളി–- വൈകിട്ട് നാലിന്, ഓട്ടൻതുള്ളൽ–- രാത്രി എട്ടിന്. വേദി- 5 –മഹാരാജാസ് ജനറൽ ഹാൾ: ഹിന്ദി കവിതാപാരായണം–- രാവിലെ ഒമ്പതിന്, ഹിന്ദി പ്രസംഗം–- രാത്രി എട്ടിന്. വേദി- 6 – മഹാരാജാസ് ആർക്കിയോളജി അക്കാദമിക് ബ്ലോക്ക്: പോസ്റ്റർ ഡിസൈനിങ്–- രാവിലെ ഒമ്പതിന്. വേദി- 7 – മഹാരാജാസ് സുവോളജി ഗ്യാലറി: മലയാളം ഉപന്യാസരചന–-- രാവിലെ ഒമ്പതിന്, ഹിന്ദി ചെറുകഥാരചന–- പകൽ 11ന്, മലയാളം ചെറുകഥാരചന–- പകൽ രണ്ടിന്, ഇംഗ്ലീഷ് ഉപന്യാസരചന–- വൈകിട്ട്‌ ആറിന്‌. വേദി- 8 – ലോ കോളേജ് ഹെറിറ്റേജ് ബിൽഡിങ്: -തന്ത്രിവാദ്യം ഈസ്റ്റേൺ–- രാവിലെ ഒമ്പതിന്, തന്ത്രിവാദ്യം വെസ്റ്റേൺ–- പകൽ മൂന്നിന്‌.   Read on deshabhimani.com

Related News