ബലാല്‍സംഗം ചെയ്യുമെന്നും ജാതിപ്പേര് വിളിച്ചുവെന്നും പറഞ്ഞത് ഒരോളത്തിന്: എംജി സംഘര്‍ഷത്തില്‍ എഐവൈഎഫ് നേതാവിന്റെ വെളിപ്പെടുത്തല്‍



കോട്ടയം>  എംജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് കൊടുത്ത പരാതി  വ്യാജമാണെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത്. സംഭവ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന മുന്‍ എഐഎസ്എഫ് നേതാവും എഐവൈഎഫ് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ശരത് രവീന്ദ്രനാണ് ആരോപണങ്ങള്‍ എല്ലാം നുണയായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. 'ജാതിപ്പേര് വിളിച്ചു എന്നത്' നുണയായിരുന്നുവെന്നും ഒരോളത്തിന്‌ പറഞ്ഞതാണെന്നുമായിരുന്നു എഐവൈഎഫ് നേതാവിന്റെ തുറന്നു പറച്ചില്‍.സംഭവം സംബന്ധിച്ച് സുഹൃത്തുമായി  നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇതിനോടകം പുറത്ത് വന്നത്. ഇതോടെ, എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച  ഗുരുതരമായ ആരോപണങ്ങള്‍  നുണയാണെന്നതിന്റെ പ്രധാന തെളിവാണ് പുറത്തുന്നിരിക്കുന്നത്. പരാതി നല്‍കാന്‍ വനിത നേതാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയപ്പോഴും ശരത് രവീന്ദ്രന്‍ കൂടെയുണ്ടായിരുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ എഐഎസ്എഫ് നടത്തിയ പത്ര സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തു .   ചാറ്റ് നടത്തിയ ഫോണ്‍ ഏതുതരത്തിലുമുള്ള പരിശോധനയ്ക്കായും വിട്ടുനല്‍കാമെന്ന്  എഐവൈഎഫ് നേതാവുമായി ചാറ്റ് ചെയ്ത അപര്‍ണ കോട്ടപ്പിള്ളില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.   അപര്‍ണ തന്നെയായിരുന്നു സ്‌ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അതേസമയം, എഐഎസ്എഫ് നടത്തിയ ആരോപണവും പരാതിയും ആസൂത്രിതമാണെന്ന് തെളിഞ്ഞതായി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദീപക് പറഞ്ഞു. എസ്എഫ്ഐ നേതാക്കളാണ് എന്ന് തെറ്റിധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം. വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റിധാരണ പരത്തി എസ്എഫ്‌ഐക്കെതിരെ ആസൂത്രിത നീക്കം നടത്തുകയായിരുന്നു എഐ എസ്എഫ് എന്നും എസ്എഫ്‌ഐ ആരോപിച്ചു.   Read on deshabhimani.com

Related News