കോവിഡ് കുറഞ്ഞിട്ടും മെമു, പാസഞ്ചര്‍ ട്രെയിനുകളില്ല



പാലക്കാട് > കോവി‍ഡ് വ്യാപനം കുറഞ്ഞിട്ടും മെമു, പാസഞ്ചർ ട്രെയിൻ സർവീസ്‌ തുടങ്ങാൻ റെയിൽവേ തയ്യാറാകുന്നില്ല. ദീർഘദൂര എക്‌സ്‌പ്രസുകൾ പലതും സർവീസ് തുടങ്ങിയിട്ടും സാധാരണക്കാരന് പ്രയോജനപ്പെടുന്ന മെമു സർവീസ്‌ തുടങ്ങിയിട്ടില്ല.   കോയമ്പത്തൂർ, എറണാകുളം ഭാ​ഗത്തേക്കും രാവിലെയും വൈകിട്ട് തിരിച്ചും മെമു സർവീസ് ഉടൻ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.   അടച്ചിടലിനുശേഷം ട്രെയിൻ സർവീസ്‌ പുനഃസ്ഥാപിച്ചപ്പോൾ എല്ലാ ട്രെയിനും എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിനായാണ്‌ ഓടുന്നത്‌. ഇതിൽ മുൻകൂട്ടി ബുക്ക്‌ ചെയ്‌താലേ യാത്ര ചെയ്യാനാകൂ. നേരിട്ടെത്തി ടിക്കറ്റ് എടുക്കാനോ, സീസൺ ടിക്കറ്റ് എടുക്കാനോ കഴിയില്ല. ഇത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.    കോയമ്പത്തൂരിലേക്കും ഷൊര്‍ണൂര്‍ വഴി എറണാകുളത്തേക്കും കൂടുതല്‍ പാസഞ്ചര്‍, മെമു സര്‍വീസ്‌ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.    നഷ്ടത്തിലാണെന്ന വാദമുയർത്തിയാണ്‌ മെമു, പാസഞ്ചർ സർവീസ്‌ വൈകിപ്പിക്കുന്നത്. അന്തർസംസ്ഥാന ബസ് സർവീസിന് അനുമതിയില്ലാത്തതിനാൽ പലരും ട്രെയിനിനെയാണ്‌ ആശ്രയിക്കുന്നത്. തമിഴ്നാട്ടിലേക്ക് പോകാൻ രണ്ട് ബസിൽ കയറണം. വാളയാറിൽ ഇറങ്ങി, അതിർത്തി കടന്ന് തമിഴ്നാട് ബസിൽ കയറിയാണ് പോകുന്നത്. കേരളത്തിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനും കൂടുതൽ പേരും ആശ്രയിക്കുന്നത് ബസിനെയാണ്.    മെമു, പാസഞ്ചർ ട്രെയിൻ സർവീസ്‌ ഉടൻ തുടങ്ങാനാകുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. നിലവിൽ ട്രെയിനിൽ തിരക്കില്ലാത്തതാണ് തീരുമാനം വൈകാൻ കാരണം. Read on deshabhimani.com

Related News