സഹകരണ ജീവനക്കാരെയും 
മെഡിസെപ്പിൽ ഉൾപ്പെടുത്തണം



തിരുവനന്തപുരം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന്‌ ആവശ്യം. സഹകരണ ജീവനക്കാർക്ക്‌ ‌ മെഡിക്കൽ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കുന്നത്‌ ആലോചിക്കാൻ സഹകരണ രജിസ്‌ട്രാർ വിളിച്ച യോഗത്തിലാണ്‌  ആവശ്യം ഉയർന്നത്‌. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള സംസ്ഥാന സർക്കാരിന്റെ മെഡിസെപ്‌ പദ്ധതിയിൽ സഹകരണ ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന നിർദേശം കേരള കോ–- ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ‌ പ്രതിനിധി പി എസ്‌ രാജേന്ദ്രൻ മുന്നോട്ടുവച്ചു‌. മറ്റു സംഘടനാപ്രതിനിധികളും ഇത്‌ സ്വാഗതം ചെയ്‌തു. മെഡിസെപ്പിനു സമാനമായ പദ്ധതി‌ നടപ്പാക്കുന്നത്‌ ആലോചിക്കാൻ സഹകരണ രജിസ്‌ട്രാറോട്‌ സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രജിസ്‌ട്രാർ പി ബി നൂഹ്‌ അപ്പെക്‌സ്‌, ഫെഡറൽ സംഘങ്ങളുടെയും സഹകരണമേഖലയിലെ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളുടെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചത്‌. മെഡിസെപ്പിന്‌ 6000 രൂപയാണ്‌ വർഷം പ്രീമിയം കണക്കാക്കുന്നത്‌. നിലവിൽ സഹകരണ ജീവനക്കാർക്ക്‌ വർഷം 4000 രൂപ മെഡിക്കൽ അലവൻസ്‌ നൽകുന്നുണ്ട്‌. പ്രീമിയം തുകയ്‌ക്ക്‌ ആവശ്യമായ ബാക്കി തുക അതത്‌ സംഘങ്ങൾ വഹിക്കണമെന്ന നിർദേശവും വന്നു. ചില സ്ഥാപനങ്ങൾ ഗ്രൂപ്പ്‌ ഇൻഷുറൻസ്‌ നടപ്പാക്കിയിട്ടുണ്ട്‌. പുതിയ പദ്ധതിയിലേക്ക്‌ മാറ്റുമ്പോൾ നിലവിലുള്ള ആനുകൂല്യങ്ങളിൽ കുറവുണ്ടാകാനുള്ള ആശങ്കയും ഉയർന്നു. യോഗത്തിന്റെ പൊതുവികാരം സർക്കാരിനെ അറിയിക്കുമെന്ന്‌ രജിസ്‌ട്രാർ വ്യക്തമാക്കി. Read on deshabhimani.com

Related News