ദേവസ്വം ഭൂമികളിൽ ആതുരാലയവും ; ഗുരുവായൂരിൽ മെഡിക്കൽ കോളേജിന് പദ്ധതി

കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ file photo


തിരുവനന്തപുരം > അധിക ഭൂമിയും സാമ്പത്തികശേഷിയുമുള്ള സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഇനി ആശുപത്രി അടക്കമുള്ള ജനോപകാര പദ്ധതികളുമായി മുന്നോട്ട്‌ വരും. ദേവസ്വങ്ങളിലും ക്ഷേത്രങ്ങളിലുമുള്ള നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ചും ഭക്തരുടെ സംഭാവന സ്വീകരിച്ചുമാകും ഇവ ഒരുക്കുക. ഇതിന്റെ സാധ്യത പരിശോധിക്കാൻ ദേവസ്വം വകുപ്പ്‌ നിർദേശം നൽകി. നിലവിലെ മെഡിക്കൽ സെന്റർ പുതുക്കിപ്പണിയുന്നതിനു പുറമെ പുതിയ മെഡിക്കൽ കോളേജിനുള്ള സാധ്യത പഠിക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ്‌ ഏജൻസിയെ ചുമതലപ്പെടുത്തി. നിലവിൽ ഗുരുവായൂർ ക്ഷേത്രത്തിനു സമീപത്തെ മെഡിക്കൽ സെന്റർ പുതുക്കിപ്പണിയാൻ വിശദ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. 55 കോടി രൂപ ചെലവിലാണ്‌ സെന്റർ പുതുക്കിപ്പണിയുന്നത്‌. ക്ഷേത്രദർശനത്തിനെത്തിയ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി പണം മുടക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. കാടാമ്പുഴ ദേവസ്വം ആരംഭിച്ച ഡയാലിസിസ് സെന്റർ അടുത്തിടെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചത്‌. ഒരു ദേവസ്വത്തിന്റെ കീഴിൽ ആദ്യമായിട്ടായിരുന്നു ഡയാലിസിസ് കേന്ദ്രം ഒരുക്കിയത്‌. ആറ്‌ ഏക്കർ ഭൂമിയിൽ വൃക്കയുടെ ആകൃതിയിലാണ് പൂർണമായും ശീതീകരിച്ച സെന്റർ നിർമിച്ചത്. നിലവിൽ 10 ഡയാലിസിസ് യൂണിറ്റുണ്ട്. 15 യൂണിറ്റ്‌ കൂടി ഉടൻ സ്ഥാപിക്കും. ഇതോടെ പ്രതിദിനം 100 പേർക്ക് ഡയാലിസിസ് ചെയ്യാം. അടുത്ത ഘട്ടത്തിൽ നെഫ്രോളജി റിസർച്ച് സെന്ററാണ് ലക്ഷ്യമിടുന്നത്‌. നാഷണൽ ഹെൽത്ത്‌ മിഷന്റെ സഹായത്തോടെ നിലയ്‌ക്കലിലും പുതിയ ആശുപത്രി നിർമിക്കുന്നുണ്ട്‌. ബേസ് ക്യാമ്പ് ഹോസ്പിറ്റൽ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. -സമാനമായ പദ്ധതികളുടെ സാധ്യത പരിശോധിക്കാനാണ്‌ നിർദേശം നൽകിയതെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News