VIDEO:- തന്റെ വാക്കുകള്‍ മീഡിയ വണ്‍ വളച്ചൊടിച്ചു; വിഴിഞ്ഞത്തിന് പിന്നില്‍ പ്രതിപക്ഷം നന്ദിഗ്രാം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ നടക്കില്ല: എം ബി രാജേഷ്



തിരുവനന്തപുരം> തന്റെ  പ്രസംഗം വളച്ചൊടിച്ച മീഡിയ വണ്‍ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാധ്യമങ്ങള്‍ അതിനെ പിന്തുണക്കണം എന്നതിനെ കറിച്ചുമാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ പിന്തുണ തന്നിട്ടുണ്ടെന്നും ജനപ്രതിനിധികളും വിദഗ്‌ധരുമടങ്ങുന്ന വേദിയില്‍  പറഞ്ഞു. എന്നാല്‍ മീഡിയ വണ്‍ ചാനല്‍  ഇത് വികൃതമാക്കി വളച്ചൊടിക്കുകയായിരുന്നു- മന്ത്രി വ്യക്തമാക്കി. പിന്തുണച്ചില്ലെങ്കിലും ദ്രോഹം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. "കോതി സമരക്കാരെ അധിക്ഷേപിച്ച് മന്ത്രി എം ബി രാജേഷ്, കക്കൂസ് മാലിന്യം കലര്‍ന്ന ജലം കുടിച്ചാണ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നത്"- എന്നാണ് മന്ത്രി പറഞ്ഞത് എന്ന പേരിൽ മീഡിയാ വൺ പ്രചരിപ്പിച്ചത്.   മന്ത്രി അബ്ദുള്‍റഹ്മാനെ തീവ്രവാദിയാക്കി ചിത്രീകരിച്ചതാരാണ്. നിങ്ങള്‍ ആടിനെ പട്ടിയാക്കുകയാണോ. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ പേരില്‍ തന്നെ തീവ്രവാദിയാണ് എന്നുള്ള അങ്ങേയറ്റം അധിക്ഷേപകരവും അപകടകരവുമായ പ്രസ്താവന നടത്തിയത് ഈ സമരക്കാരല്ലെ. അവരെ  അപ്പോള്‍ വിമര്‍ശിക്കാന്‍ പാടില്ലെ. അവര്‍ക്കെന്തും പറയാം, മാധ്യമങ്ങള്‍ക്കത് പ്രശ്‌നമല്ല. മാധ്യമങ്ങള്‍ അതെല്ലാം ഒളിച്ചുവക്കാനും തമസ്‌കരിക്കാനുമൊക്കെ  ശ്രമിച്ചതാണല്ലോ- മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. അഞ്ചുതെങ്ങിലെ പൊലീസ് സ്റ്റേഷന്‍ കത്തിച്ചത് ഓര്‍മിപ്പിച്ച് പൊലീസ് സ്റ്റേഷന്‍ കത്തിക്കാനുള്ള ആഹ്വാനമുണ്ടായി. തൊട്ടുപിന്നാലെ പൊലീസ് സ്റ്റേഷന്‍ കത്തിക്കുന്നു. 40 പൊലീസുകാര്‍ ആശുപത്രിയിലാകുന്നു. അതൊന്നും അക്രമാഹ്വാനമായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല.  ഒരാളെ  പേരുപറഞ്ഞ് തീവ്രവാദിയാക്കിയിട്ടും കേരളത്തിലെ പ്രതിപക്ഷം എന്താണ് മിണ്ടാതിരിക്കുന്നത്. പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വിഴിഞ്ഞത്തിന് പിന്നില്‍ ഒരു നന്ദിഗ്രാം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍  അത് നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.   Read on deshabhimani.com

Related News