എം വി ഗോവിന്ദന്റെ വാക്കുകൾ വളച്ചൊടിച്ച്‌ മീഡിയവൺ, 
വിവാദമായപ്പോൾ മാപ്പപേക്ഷ



കൊച്ചി യുവധാര ലിറ്ററേച്ചർ ഫെസ്‌റ്റിവൽ സംവാദത്തിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകൾ വളച്ചൊടിച്ച്‌ മീഡിയവൺ ചാനലിന്റെ ‘ബ്രേക്കിങ്‌ ന്യൂസ്‌’. നുണവാർത്ത സംഘപരിവാർ സമൂഹമാധ്യമ ഗ്രൂപ്പുകൾ ഏറ്റെടുത്തതോടെ ചാനൽ ഫെയ്‌സ്‌ബുക്ക്‌ പേജിൽ ക്ഷമാപണവുമായി എഡിറ്റർ എത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തോറ്റ്‌ തുന്നംപാടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞെന്നാണ്‌ മീഡിയവൺ ഞായർ വൈകിട്ട്‌ വാർത്ത നൽകിയത്‌. ‘ഇന്ത്യൻ രാഷ്‌ട്രീയം–-പ്രതീക്ഷകളും ആശങ്കകളും’ സംവാദത്തിലെ വാക്കുകൾ വളച്ചൊടിച്ചും ഒരുവരിമാത്രം എടുത്തുമാണ്‌ വാർത്തയുണ്ടാക്കിയത്‌. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന്‌ അർഥം വരത്തക്കവിധമായിരുന്നു ചാനലിന്റെ അവതരണം. വാർത്ത ഉടൻ സംഘപരിവാർ ഗ്രൂപ്പുകൾ ഏറ്റെടുത്തു. ‘ദക്ഷിണേന്ത്യയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ കഴിഞ്ഞതാണ്‌ കർണാടക തെരഞ്ഞെടുപ്പുഫലം നൽകുന്ന ആഹ്ലാദം. രാജ്യത്ത്‌ 37 ശതമാനം വോട്ടുമാത്രമാണ്‌ ബിജെപിക്കുള്ളത്‌. ബാക്കിയുള്ള മതനിരപേക്ഷ വോട്ടുകളെ ഒന്നിച്ചുനിർത്താൻ കഴിയാത്തതാണ്‌ ബിജെപി ജയിക്കുന്നതിനു കാരണം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കു ശക്തിയുള്ള സംസ്ഥാനങ്ങളിൽ, അവിടുത്തെ വലിയ മതനിരപേക്ഷ കക്ഷി മുൻകൈയെടുത്ത്‌ മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ കഴിഞ്ഞാൽ  ബിജെപിയെ തോൽപ്പിക്കാം. കോൺഗ്രസ്‌ ഉൾപ്പെടെയുള്ള കക്ഷികൾ ഇതിനു ശ്രമിക്കണം. കോൺഗ്രസിനുമാത്രമായി ബിജെപിയെ തോൽപ്പിക്കാനുള്ള ശക്തിയില്ല. ബിജെപിയെ തോൽപ്പിക്കാൻ അവർക്ക്‌ ഒറ്റയ്ക്ക്‌ കഴിയുമെന്നു കരുതിയാൽ വലിയ തോൽവിയാകും അവർക്ക്‌ ഏറ്റുവാങ്ങേണ്ടിവരിക’ –-സംവാദത്തിൽ എം വി ഗോവിന്ദൻ പറഞ്ഞത്‌ ഇതാണ്‌. ചാനലിന്റെ ക്ഷമാപണത്തിലും കാര്യം വ്യക്തമല്ല. ‘യുവധാര ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ എം വി ഗോവിന്ദൻ സംസാരിച്ചത്‌ റിപ്പോർട്ട്‌ ചെയ്യുമ്പോൾ സൂക്ഷ്‌മതക്കുറവ്‌ ഉണ്ടായിട്ടുണ്ട്‌. അതിൽ നിർവ്യാജം ഖേദിക്കുന്നു. എം വി ഗോവിന്ദന്റെ വാക്കുകൾ പൂർണമായി മീഡിയവൺ ഫെയ്‌സ്‌ബുക്ക്‌ പേജിലുണ്ട്‌’ എന്ന തിരുത്ത്‌ നൽകി തലയൂരുകയായിരുന്നു. ചാനൽ എഡിറ്റർ പ്രമോദ്‌ രാമനും ഫെയ്‌സ്‌ബുക്ക്‌ പേജിൽ തിരുത്ത്‌ ഇട്ടിട്ടുണ്ട്‌.   Read on deshabhimani.com

Related News