നേട്ടത്തിലും നോട്ടം; വളച്ചൊടിക്കൽ



തിരുവനന്തപുരം മാലിന്യ സംസ്കരണരംഗത്ത്‌ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നത്‌ കേരളമാണെന്ന ഹരിത ട്രിബ്യൂണലിന്റെ അംഗീകാരത്തെപ്പോലും എൽഡിഎഫ്‌ സർക്കാരിനെ കുത്താൻ ഉപയോഗിച്ച്‌ യുഡിഎഫ്‌ പത്രം. കേരളം വലിയ കുറ്റത്തിനുള്ള ശിക്ഷയിൽനിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടെന്നാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. മറ്റു പല സംസ്ഥാനങ്ങൾക്കും ആയിരക്കണക്കിനു കോടി രൂപ പിഴയിട്ടപ്പോൾ കേരളത്തിന്‌ പിഴയില്ലെന്നുമാത്രമല്ല ഖര–- മാലിന്യ സംസ്കരണരംഗത്ത്‌ സംസ്ഥാനം നടത്തുന്ന വിവിധ പദ്ധതികളെയും ശ്രമങ്ങളെയും പ്രകീർത്തിക്കുകയാണ്‌ ട്രിബ്യൂണൽ ചെയ്തത്‌. ഈ സത്യം പറയാൻ മടിയുള്ളതിനാൽ ‘പിഴയിൽനിന്ന്‌ കേരളം രക്ഷപ്പെട്ടു’ എന്നാണ്‌ യുഡിഎഫ്‌ പത്രം തലക്കെട്ടിട്ടത്‌. വായനക്കാരെ തെറ്റിദ്ധരിപ്പിച്ചും സർക്കാരിനെ കുത്താനുള്ള പത്രത്തിന്റെ ഗൂഢശ്രമം മന്ത്രി എം ബി രാജേഷും തുറന്നുകാണിച്ചു. @മന്ത്രിയുടെ പോസ്റ്റ്‌: ‘ കേരളത്തിന്റെ ശ്രദ്ധേയമായ ഒരു നേട്ടത്തെക്കുറിച്ചുള്ള വാർത്ത രണ്ടു പത്രം കൈകാര്യം ചെയ്തത്‌ ഇങ്ങനെയാണ്‌. മനോരമയുടെയും മാതൃഭൂമിയുടെയും തലക്കെട്ടുകൾ ശ്രദ്ധിക്കുക. മാതൃഭൂമിയുടെ തലക്കെട്ടും വാർത്തയും വസ്തുതാപരമാണ്‌, മനോരമയുടെ വാർത്ത വസ്തുതാപരമെങ്കിലും തലക്കെട്ട്‌ എന്താണെന്ന് നോക്കൂ. ബാക്കി വിലയിരുത്തൽ വായനക്കാർക്ക്‌ വിടുന്നു. ഇനി കേരളത്തിനൊരു 2000 കോടി പിഴ ട്രിബ്യൂണൽ വിധിച്ചു എന്ന് കരുതുക. എന്നാൽ, എങ്ങനെയാകും വാർത്തയും തലക്കെട്ടും വന്നിട്ടുണ്ടാവുക? അത്‌ സർക്കാരിനെതിരെ ആഘോഷമാക്കിയേനെ. ‘മാലിന്യ സംസ്കരണത്തിലെ വീഴ്ച, കേരളം രക്ഷപ്പെട്ടു' എന്ന് തലക്കെട്ട്‌ കൊടുക്കുമ്പോൾ, അതിൽപ്പോലും സർക്കാരിനൊരു കുത്ത്‌, ഒരു പരിഹാസം, വൻ തുക പിഴ ആഘോഷിക്കാൻ കഴിയാത്തതിലെ നിരാശയുമാണ്‌ അടങ്ങിയിരിക്കുന്നത്’. Read on deshabhimani.com

Related News