മാവേലിക്കരയിൽ കണ്ടയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു



മാവേലിക്കര > കൊല്ലം - തേനി ദേശീയപാതയില്‍ കൊച്ചാലുംമൂടിന് വടക്ക് കണ്ടയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. മാങ്കാംകുഴി വെട്ടിയാര്‍ താജ് മന്‍സിലില്‍ അന്‍സാരി (55) ആണ് മരിച്ചത്. വിമുക്ത ഭടനാണ്. ശനിയാഴ്‌ച രാവിലെ 6.30 നാണ് അപകടം. മൂന്നു വര്‍ഷമായി ഹരിപ്പാട്ടുള്ള സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴി എതിരെ അമിത വേഗതയില്‍ വന്ന കണ്ടയ്‌നര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവര്‍ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ വീടിന്റെ മതിലില്‍ ഇടിച്ച ശേഷം വലത്തേക്ക് തിരിഞ്ഞ ലോറി സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. ഇതിന് ശേഷം ഇടത്തേക്ക് തിരിഞ്ഞ് ഈ വീടിന്റെ മതിലിന്റെ മറ്റൊരു ഭാഗവും വൈദ്യുതി തൂണും ഇടിച്ചു തകര്‍ത്ത ശേഷമാണ് ലോറി നിന്നത്. മീന്‍ കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി അന്‍പരസന്‍ ഗണപതിയെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. അന്‍സാരിയുടെ ഭാര്യ: സജീല. മക്കള്‍:ഡോ. ആഷിദ അസീസ്, അമീഗ അന്‍സാരി. മരുമകന്‍: അസീസ്. Read on deshabhimani.com

Related News