ദൂരം മായും കൊച്ചി വളരും; സുസ്ഥിര നഗര പുനർനിർമാണ പദ്ധതി മുന്നോട്ട്



കൊച്ചി> കടലും കായലും കൈകോർക്കുന്ന കൊച്ചിയുടെ സൗന്ദര്യത്തിന്റെയും വികസനത്തിന്റെയും പ്രതീകമായ മറൈൻഡ്രൈവ്‌ ഇനി ക്യൂൻസ്‌ വാക്‌വേയും കടന്ന്‌ വടക്കോട്ട്‌. നിർദിഷ്‌ട ‘കൊച്ചി സുസ്ഥിര നഗര പുനർനിർമാണ പദ്ധതി’ നടപ്പാകുമ്പോൾ മറൈൻഡ്രൈവിൽനിന്ന്‌ വടക്കോട്ട്‌ കണ്ടെയ്നർ റോഡുവരെ 11 കിലോമീറ്റർ കൊച്ചി നഗരം നീളുന്നതോടെ വൻ വികസനസാധ്യതകളാണ്‌ തുറക്കുക. മറൈൻഡ്രൈവും മംഗളവനവുംമുതൽ വടക്ക്‌ പച്ചാളം–-വടുതലവരെയും പടിഞ്ഞാറ്‌ മുളവുകാടുവരെയും നീളുന്ന ഭൂപ്രദേശമാണ്‌ ശാസ്‌ത്രീയ, പരിസ്ഥിതിസൗഹൃദ നഗരമായി ആദ്യഘട്ടത്തിൽ പുനർനിർമിക്കുക. കായലിനപ്പുറം പടിഞ്ഞാറ്‌ മുളവുകാട്‌ ദ്വീപും പുതിയ നഗരത്തിന്റെ ഭാഗമാകും. അടുത്തഘട്ടത്തിൽ ചിറ്റൂർ, ചേരാനല്ലൂർവരെ ഗ്രാമങ്ങളെയും ദ്വീപുകളെയും ബന്ധിപ്പിക്കും. കായലും കരയും ചേരുന്നിടത്ത്‌ മറൈൻഡ്രൈവ്‌ മാതൃകയിൽ വാക്‌വേയും ഇവയെ ബന്ധിപ്പിച്ചുള്ള റോഡുകളും നിർമിക്കുന്നതിന്‌ പദ്ധതി തയ്യാറാക്കും. ഭൂമി ലഭ്യമായിടത്ത്‌ വ്യാപാരസമുച്ചയങ്ങളും പാർപ്പിടങ്ങളും നിർമിക്കാനുള്ള സാധ്യതകളും പരിശോധിക്കും.  നഗരത്തിന്‌ വിളിപ്പാടകലെയുള്ള ദ്വീപുകളെക്കൂടി ബന്ധിപ്പിച്ച്‌ വാക്‌വേകളും ചെറുപാതകളും നീളുമ്പോൾ ദ്വീപുകളിലെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ പുതിയ സാധ്യതകൾ കൈവരും. കായൽക്കാഴ്‌ചകൾക്കായും സൂര്യോദയവും അസ്‌തമയവും കാണാനും മറൈൻഡ്രൈവിലും പച്ചാളം ക്യൂൻസ്‌ വാക്‌വേയിലും കണ്ടെയ്‌നർ റോഡിലും സഞ്ചാരികൾ തിക്കിത്തിരക്കാറുണ്ട്‌. ഇവ തമ്മിൽ ഗോശ്രീ ജങ്‌ഷനിൽ ബന്ധിപ്പിക്കണം. കിഴക്ക്‌ മംഗളവനത്തിലേക്കും പടിഞ്ഞാറ്‌ മുളവുകാട്‌ ദ്വീപിലേക്കും വാക്‌വേ നീളണം. തുടർന്ന്‌ കൂടുതൽ വടക്ക്‌ ചിറ്റൂരിലേക്കും ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിലേക്കും നീട്ടും. ഇത്‌ കടമക്കുടി, മൂലമ്പിള്ളി, പിഴല, കൊറുങ്കോട്ട ദ്വീപുകൾക്കും വിനോദസഞ്ചാരസാധ്യത തുറക്കും. നിലവിലുള്ള കെട്ടിടനിർമിതികൾക്കും പരിസ്ഥിതിക്കും മാറ്റംവരുത്താതെ ആവശ്യമായ യാത്രാസൗകര്യങ്ങൾ ലഭ്യമാക്കി ശാസ്‌ത്രീയമായി രൂപകൽപ്പന ചെയ്‌താകും പുതിയ നഗരം സൃഷ്‌ടിക്കുക. തീരസംരക്ഷണ നിയമമുൾപ്പെടെ പാലിച്ച്‌  ഗ്രാമങ്ങളെയും കായലിനപ്പുറമുള്ള ചെറുദ്വീപുകളെയും ചേർത്തുപിടിച്ചുള്ള നഗരത്തിന്റെ വളർച്ച പരിസ്ഥിതിസൗഹൃദ നിർമിതിക്കും മാതൃകയാകും. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞവർഷം നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മേയർ എം അനിൽകുമാർ, മുളവുകാട്, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തി യോ​ഗം ‌വിളിച്ചിരുന്നു. അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവതനിമ നിലനിർത്തുന്നവിധത്തിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ചുറ്റുമുള്ള ദ്വീപസമൂഹങ്ങളിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കാനും യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. Read on deshabhimani.com

Related News