ആദിവാസി നൃത്ത ദേശീയ ഉത്സവം; കിടുക്കി, തിമിർത്ത്‌ 
മറയൂരിലെ മലപുലയാട്ടം

വിശാഖപട്ടണത്ത്‌ നടന്ന ട്രൈബൽ ഡാൻസ് ഫെസ്റ്റിൽ മലപുലയാട്ടം അവതരിപ്പിച്ച മറയൂരിലെ 
കുമ്മിട്ടാം കുഴിയിൽ നിന്നുള്ള സംഘം


മറയൂർ > ദേശീയ  ശ്രദ്ധനേടി ഗോത്ര കലാരൂപമായ മലപുലയാട്ടം. ആന്ധ്രയിലെ   വിശാഖപട്ടണത്ത്‌ നടന്ന ട്രൈബൽ ഡാൻസ് ഫെസ്റ്റിൽ ആദിവാസികളുടെ പരമ്പരാഗത  നൃത്തരൂപം വേറിട്ട കാഴ്‌ചയായി.   മറയൂരിലെ കുമ്മിട്ടാം കുഴിയിൽനിന്നുള്ള സംഘമാണ്‌ അവതരിപ്പിച്ചത്‌.   കിർത്താഡ്സാണ് കലാകാരന്മാരെ  വിശാഖപട്ടണത്ത്‌  എത്തിച്ചത്.  ഗുജറാത്ത്,  ഒഡിഷ്, തെലുങ്കാന, ഗോവ, മണിപ്പൂർ ഉൾപ്പെടെ പത്തൊമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള ആദിവാസി നൃത്ത രൂപങ്ങൾ ഇവിടെ  അവതരിപ്പിക്കപ്പെട്ടു.  ഇതിൽ മികച്ച അവതരണത്തിനുള്ള ടീം അവാർഡാണ് മറയൂരിലെ സംഘം കരസ്ഥമാക്കിയത്.  
  ജൂൺ 10 മുതൽ മൂന്ന് ദിവസമായിരുന്നു  ആദിവാസി നൃത്തങ്ങളുടെ ദേശിയ ഉത്സവം. ചാരുതയാർന്ന ആദിവാസി നൃത്തരൂപമാണ്‌  മലപ്പുലയാട്ടം.  ആണും പെണ്ണും ഒത്തുചേർന്ന് ചുവട്‌ വയ്‌ക്കുന്ന  നൃത്തത്തിൽ വായ്‌പാട്ടിന്റെ പിന്തുണയില്ല.  ചിക്ക് വാദ്യം, കിടിമിട്ടി, കുഴൽ, കട്ടവാദ്യം, ഉറുമി തുടങ്ങിയവയാണ് താളത്തിനായി ഉപയോഗിക്കുന്നത്‌.   ദ്രാവിഡ സംഗീതത്തിന്റെ വശ്യതയിലും   ചടുലതയിലും മുന്നേറി വേഗത കൈവരിക്കുന്ന ആട്ടം, ചലനത്തിന്റെ ചാരുതയിൽ നൃത്തവിസ്‌മയമാകും. വിശാഖപട്ടണത്തിൽ അവതരിപ്പിച്ച ആട്ടം   കാണികളിൽ വലിയ  ആവേശവും സ്വീകാര്യതയും സമ്മാനിക്കുന്നതായി.  കാണികളും ആട്ടക്കാരായി മാറി.  വാദ്യ, താളങ്ങൾക്കൊപ്പം അവരും ചുവടുവച്ചു. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തവർ  വേദിയിലെത്തി അഭിനന്ദിച്ചതായി സംഘാംഗങ്ങൾ പറഞ്ഞു.  Read on deshabhimani.com

Related News