മരട്‌ ഫ്ലാറ്റ്‌ ഉടമകൾക്ക്‌ ലഭിച്ചത്‌ സംസ്ഥാന സർക്കാർ നൽകിയ 25 ലക്ഷംമാത്രം



കൊച്ചി > നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ മരടിൽ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിലംപൊത്തിയിട്ട്‌ ഒരു വർഷം പിന്നിടുമ്പോഴും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നഷ്ടപരിഹാരത്തിൽ ഇനിയും തീരുമാനമായില്ല. സംസ്ഥാന സർക്കാർ ഇടക്കാല ആശ്വാസമായി നൽകിയ 25 ലക്ഷംരൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. ഫ്ലാറ്റുകളിൽനിന്ന്‌ ഒഴിപ്പിക്കപ്പെട്ടവർ ഇപ്പോഴും വാടകവീടുകളിലും മറ്റും ജീവിക്കുകയാണ്‌. ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി 19ന്‌ നിലപാട് വ്യക്തമാക്കും. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ് ഇവര്‍. ആൽഫ സെറീൻ ഫ്ലാറ്റിന്റെ സമീപത്തുള്ള കേടുപാട്‌ സംഭവിച്ച വീടുകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. നഷ്‌ടപരിഹാരം എന്ന് ലഭിക്കുമെന്ന്‌ ഉറപ്പില്ലാത്തതിനാൽ വാടകവീടുകളിലേക്ക് താമസം മാറിയ പലരും സ്വന്തം വീടുകളിലേക്ക് തിരികെ വന്നു. ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ കമ്മിറ്റി ശുപാർശയനുസരിച്ച്‌ ഉടമകള്‍ക്ക്  ഫ്ലാറ്റ്‌ നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാരത്തുക ഇനിയും കൈമാറിയിട്ടില്ല. സര്‍ക്കാര്‍ ഫ്ലാറ്റ്‌ ഉടമകള്‍ക്ക് നല്‍കിയ 25 ലക്ഷവും ഇതിന് പുറമേ ഓരോ ഉടമകള്‍ക്കും നിശ്ചയിച്ച നഷ്ടപരിഹാരവും കമീഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു ശുപാർശ. ഗോള്‍ഡന്‍ കായലോരം, ജയിന്‍ കോറല്‍കോവ് ഫ്ലാറ്റ്‌ നിര്‍മാതാക്കള്‍ നാല് കോടിയോളം രൂപ കൈമാറിയതൊഴിച്ചാല്‍ മറ്റാരും പണം നല്‍കിയിട്ടില്ല. കേസ് സുപ്രീംകോടതി 19ന് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നതെന്ന് ഫ്ലാറ്റ്‌ ഉടമകൾ പറഞ്ഞു. ബാങ്ക് വായ്‌പയെടുത്തും കടം വാങ്ങിയും സ്വന്തമാക്കിയ കിടപ്പാടം മണ്ണടിഞ്ഞിട്ടും അതിന്റെ പേരിലുള്ള കടം തീര്‍ക്കാന്‍ നെട്ടോട്ടം ഓടുകയാണ് പലരും. കോവിഡ് പ്രതിസന്ധിയും തിരിച്ചടിയായി. വാടകയ്ക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും മാനസികമായും കടുത്ത സമ്മര്‍ദത്തിലാണ്.  സ്ഥിരമായ താമസസ്ഥലം കണ്ടെത്താനാകാത്തവരുമുണ്ട്. വിരമിച്ചപ്പോള്‍ കിട്ടിയ മുഴുവന്‍ തുകയുമെടുത്ത്‌ ഫ്ലാറ്റ്‌ വാങ്ങിയ വയോജനങ്ങളും ഇക്കൂട്ടത്തിലുണ്ട്. Read on deshabhimani.com

Related News