അന്ന്‌ ആകാശംമുട്ടെ, ഇന്ന്‌ മണ്ണടിഞ്ഞ്‌; മരട്‌ ഫ്ലാറ്റുകൾ പൊളിച്ചിട്ട്‌ ഒരു വർഷം



കൊച്ചി > മരടിൽ തലയുയർത്തിനിന്ന നാലു ഫ്ലാറ്റ്‌ സമുച്ചയങ്ങൾ ഓർമയായിട്ട്‌ തിങ്കളാഴ്‌ച ഒരു വർഷം. ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ, ആൽഫ സെറീൻ, ജയിൻ കോറൽകോവ്‌, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ്‌ സമുച്ചയങ്ങൾനിന്ന സ്ഥലം ഇപ്പോൾ ശൂന്യം‌. കഴിഞ്ഞവർഷം ജനുവരി 11, 12 തീയതികളിലാണ്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇവ പൊളിച്ചത്‌. നിയമം ലംഘിച്ച്‌ കെട്ടിടസമുച്ചയങ്ങൾ പണിതുയർത്തുന്നവർക്കുള്ള മുന്നറിയിപ്പായി മരട്‌ ഫ്ലാറ്റ്‌ പൊളിക്കൽ ചരിത്രത്തിലും ഇടംപിടിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ്‌ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്‌. തൊട്ടടുത്ത സ്ഥാപനങ്ങൾക്കും തേവര–കുണ്ടന്നൂർ പാലത്തിനും വീടുകൾക്കും നാശനഷ്ടം വരുത്താതെയായിരുന്നു പൊളിക്കൽ. 11ന്‌ ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ, ആൽഫ സെറീൻ ഇരട്ടസമുച്ചയങ്ങളും 12ന്‌ ജയിൻ കോറൽകോവും ഗോൾഡൻ കായലോരവും നിലംപൊത്തി. 19 നിലകളുള്ള കുണ്ടന്നൂരിലെ ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ആദ്യം വീണപ്പോൾ പുതിയ റെക്കോഡുമായി. രാജ്യത്ത്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർന്നുവീഴുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമായാണ്‌ അത്‌ ചരിത്രത്തിലിടംനേടിയത്‌. മുംബൈ ആസ്ഥാനമായ എഡിഫസ്‌ എൻജിനിയേഴ്‌സ്‌, ചെന്നൈ വിജയ സ്‌റ്റീൽസ്‌ എന്നീ കമ്പനികളാണ്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിച്ചത്‌. സംസ്ഥാന സർക്കാർ 61.50 കോടി രൂപ ഇടക്കാല നഷ്ടപരിഹാരമായി ഫ്ലാറ്റ് ഉടമകൾക്കു നൽകി. ഫ്ലാറ്റുകൾ പൊളിക്കാൻ 3.60 കോടി രൂപയും ചെലവായി. ജസ്റ്റിസ് കെ ബാലകൃഷ്ണൻനായർ കമ്മിറ്റിയുടെ പ്രവർത്തനച്ചെലവിന് 1.20 കോടി രൂപയും ചെലവഴിച്ചു. ഈ പണം കമ്മിറ്റി പിന്നീട്‌ സർക്കാരിലേക്കു തിരിച്ചടച്ചു. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ വിറ്റവകയിൽ 35 ലക്ഷം രൂപ സർക്കാരിനു ലഭിച്ചു.   Read on deshabhimani.com

Related News