പുനരധിവാസ പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യം; മാവോയിസ്‌റ്റ്‌ നേതാക്കൾ കത്ത്‌ നൽകി

മാവോയിസ്‌റ്റുുകളായ ബി ജി കൃഷ്‌ണമൂർത്തിയെയും സാവിത്രിയെയും തലശേരി സെഷൻസ്‌ കോടതിയിലേക്ക്‌ കൊണ്ടുവരുന്നു (ഫയൽ ചിത്രം)


തലശേരി > സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച്‌ റിമാൻഡിൽ കഴിയുന്ന മാവോയിസ്‌റ്റുകൾ.  മാവോയിസ്‌റ്റ്‌ പശ്‌ചിമഘട്ട മേഖലാ സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്‌റ്റേറ്റിലെ ബി ജി കൃഷ്‌ണമൂർത്തി (വിജയ്‌-47), കബനീദളം അംഗം ചിക്‌മംഗളൂരു ജെറേമന ഹള്ളുവള്ളിയിലെ സാവിത്രി (രജിത-33) എന്നിവർ ജില്ലാ സെഷൻസ്‌ ജഡ്‌ജിക്ക്‌ കത്ത്‌ നൽകി. മാവോയിസ്‌റ്റ്‌ ബന്ധം അവസാനിപ്പിച്ച്‌ ജനാധിപത്യ സംവിധാനവുമായി സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച്‌ കൃഷ്‌ണമൂർത്തി ഇംഗ്ലീഷിലും സാവിത്രി കന്നഡയിലുമാണ്‌ കത്ത്‌ നൽകിയത്‌. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ അഭിപ്രായം ആരാഞ്ഞശേഷം സെഷൻസ്‌ ജഡ്‌ജി ജോബിൻ സെബാസ്‌റ്റ്യൻ വിശദ റിപ്പോർട്ട്‌  ആഭ്യന്തരവകുപ്പിന്‌  കൈമാറി. കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ രണ്ടുപേരെയും കഴിഞ്ഞ വർഷം നവംബർ  10ന്‌ മഥൂർ വനം ചെക്‌പോസ്‌റ്റിനു സമീപത്തുനിന്നാണ്‌ എടിഎസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇരിട്ടി അയ്യൻകുന്ന്‌ ഉരുപ്പുംകുറ്റിയിലെ വീടുകളിൽ 2017 മാർച്ച്‌ 20ന്‌ രാത്രി അതിക്രമിച്ചുകയറി തോക്കുചൂണ്ടി അരിയും സാധനങ്ങളും വാങ്ങുകയും മാവോയിസ്‌റ്റ്‌ ലഘുലേഖ വിതരണംചെയ്യുകയും ചെയ്‌തെന്ന കേസിലാണ്‌ കൃഷ്‌ണമൂർത്തിയെ പിടിച്ചത്‌. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ വീട്ടിൽ 2020 ഫെബ്രുവരി 24ന്‌ രാത്രി അതിക്രമിച്ചുകയറി അരിയും പച്ചക്കറിയും എടുത്തുകൊണ്ടുപോയ കേസിലെ നാലാം പ്രതിയാണ്‌ സാവിത്രി. കീഴടങ്ങാൻ തയ്യാറാകുന്ന മാവോയിസ്‌റ്റുകൾക്കായി 2018ലാണ്‌ സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്‌. കീഴടങ്ങുന്നവർക്ക്‌ ധനസഹായവും ജോലിയുമടക്കം പുനരധിവാസ പദ്ധതിയിലുണ്ട്‌. കബനീദളം ഡെപ്യൂട്ടി കമാൻഡന്റ്‌ പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ്‌ എന്ന രാമു (37) കഴിഞ്ഞ വർഷം പൊലീസ്‌ മുമ്പാകെ കീഴടങ്ങിയിരുന്നു. Read on deshabhimani.com

Related News