താറാവ്‌ കർഷകർക്ക്‌ ആശ്വസിക്കാം; ന്യൂ ഡക്ക് ഡിസീസിന്‌ ‘മണ്ണുത്തി വാക്‌സിൻ’



തൃശൂർ > താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന ന്യൂ ഡക്ക് ഡിസീസ്‌ (റൈമറിലോസിസ്) പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച്‌ മണ്ണുത്തി വെറ്ററിനറി സർവകലാശാല. സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗമാണ്‌ ആഗോളതലത്തിൽ ശ്രദ്ധനേടാനിടയുള്ള ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. 2008ൽ വയനാട് ജില്ലയിലാണ് രോഗം കേരളത്തിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്‌തത്‌. പിന്നീട്‌ കുട്ടനാട്ടിലേക്കും രോഗം വ്യാപിച്ചു. താറാവുകളുടെ കഴുത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ചത്തുവീഴുന്നതാണ്‌ രോഗലക്ഷണം. 2010ലാണ്‌ രോഗം പടർത്തുന്ന റൈമറില അനാറ്റിപെസ്റ്റിഫർ എന്ന ബാക്ടീരിയയെ വെറ്ററിനറി കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ ഡോ. പി എം പ്രിയയുടെ നേതൃത്വത്തിൽ കണ്ടെത്തിയത്‌. തുടർന്നാണ്‌ സെറോടൈപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന വാക്‌സിൻ വികസിപ്പിക്കുന്നതിന്‌ ശ്രമം തുടങ്ങിയത്‌. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഇതിനായി ശാസ്ത്രീയമായ പദ്ധതി ആരംഭിക്കുകയും ചെയ്‌തു. തുടർന്നുനടന്ന നീണ്ടകാലത്തെ ഗവേഷണത്തിനൊടുവിലാണ്‌ വാക്‌സിൻ കണ്ടെത്തിയത്‌. മരുന്നിന്റെ സാങ്കേതികവിദ്യ സർവകലാശാല മൃഗ സംരക്ഷണവകുപ്പിന്‌ കൈമാറി. ചടങ്ങ്‌ മന്ത്രി കെ രാജു ഓൺലൈനായി നിർവഹിച്ചു. ഡോക്ടർമാരായ എം മിനി, എം ആർ ശശീന്ദ്രനാഥ്, സി സി ഫിലിപ്പ്, ബിനു കെ മാണി,  ആർ ഉമ, എസ്‌ രാഹുൽ, ശ്രീജ ആർ നായർ, എസ് ശങ്കരലിംഗം, കെ വിനോദ് കുമാർ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി. Read on deshabhimani.com

Related News