മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌: കെ സുരേന്ദ്രനെതിരെ കുറ്റപത്രം ഈയാഴ്‌ച



കാസർകോട്‌> മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാരനായ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിപ്പിച്ച കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതിയിൽ ഈയാഴ്‌ച കുറ്റപത്രം നൽകും. പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ നിയമ വകുപ്പ്‌ (3) പ്രകാരമുള്ള കുറ്റകൃത്യത്തിന്‌ ജാമ്യമില്ലാവകുപ്പാണ്‌ കെ സുരേന്ദ്രനും മറ്റ്‌  നാല്‌ പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്‌. പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും 8,000 രൂപയുടെ സ്മാർട്ട് ഫോണും കോഴ നൽകിയതിന് ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ്  കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതി (ഒന്ന്) ഉത്തരവിനെത്തുടർന്ന്‌  കേസെടുത്തത്‌. മഞ്ചേശ്വരത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ സുരേന്ദ്രന്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌  അഡ്വ. കെ  ബാലകൃഷ്‌ണഷെട്ടി, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയത്‌. Read on deshabhimani.com

Related News