മാനസയുടെ കൊലപാതകം: പ്രതി തോക്ക്‌ ഉപയോഗിക്കാൻ പരിശീലിച്ചത്‌ വനത്തിൽ



കൊച്ചി > കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ചുകൊന്ന കേസിൽ പ്രതി തോക്ക്‌ ഉപയോഗിക്കാൻ പരിശീലിച്ചത്‌ വനമേഖലയിൽ. തോക്ക് കൈമാറിയ ബിഹാർ സ്വദേശി സോനുകുമാറിന്റെ വീടിനുസമീപത്തെ വനത്തിലായിരുന്നു പരിശീലനമെന്ന്‌ അന്വേഷകസംഘം കണ്ടെത്തി. രഖിലിന്‌ തോക്ക്‌ ഉപയോഗിക്കാൻ പരിശീലനം നൽകിയത്‌ ഇടനിലക്കാരനായ ടാക്‌സി ഡ്രൈവർ മനീഷ്‌കുമാർ വർമയും സോനുവും ചേർന്നാണ്‌. രഖിലിന്റെ ഉറ്റസുഹൃത്തും തോക്ക് വാങ്ങുന്നതിന് കൂടെ പോയ കണ്ണൂർ സ്വദേശി ആദിത്യനുമൊത്ത്‌ അന്വേഷകസംഘം ബിഹാറിൽ നടത്തിയ തെളിവെടുപ്പിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.  മാനസയെ വെടിവച്ചുകൊന്ന്‌ സ്വയം വെടിവച്ച്‌ മരിച്ച രഖിലും ആദിത്യനും മനീഷും ചേർന്ന്‌ മുൻഗേറിലെ രാജ് പാലസ് ഹോട്ടലിൽ മൂന്നുദിവസം താമസിച്ചു. ഓരോ ദിവസവും മുറി ഒഴിഞ്ഞ്‌ വേറെ മുറിയെടുത്തു. ഹോട്ടൽ ജീവനക്കാർ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സ്ഥലം, പണം എടുത്ത എടിഎം, പട്‌നയിലും വാരാണസിയിലും ഇവർ താമസിച്ച ഹോട്ടലുകൾ എന്നിവിടങ്ങളിലാണ്‌ അന്വേഷകസംഘം അഞ്ചുദിവസം തെളിവെടുപ്പ്‌ നടത്തിയത്‌. ഇന്റീരിയർ ഡെക്കറേഷന് സാധനങ്ങൾ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ പോയതെന്നും ബിഹാറിൽ ചെന്നപ്പോഴാണ് തോക്ക്‌ വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമാണ് ആദിത്യൻ പൊലീസിനോട്‌ പറഞ്ഞത്. വാരാണസിയിൽ ക്ഷേത്രദർശനത്തിനെന്നു പറഞ്ഞ് ആദിത്യൻ ഇറങ്ങുകയും രഖിൽ തനിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News