പരിഷ്‌കരിച്ച ലിപി ഈ അധ്യയന വർഷംമുതൽ



തിരുവനന്തപുരം പരിഷ്‌കരിച്ച ലിപിയും അക്ഷരമാലയും ഈ വർഷംമുതൽ സ്‌കൂളുകളിൽ പഠിപ്പിച്ചുതുടങ്ങും.  ഭാഷാമാർഗനിർദേശകസമിതിയുടെ റിപ്പോർട്ട്‌ അനുസരിച്ചുള്ള അക്ഷരമാലയാണ്‌ നൽകുക. ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുടെ യോഗത്തിലാണ്‌ തീരുമാനം. ഈ അധ്യയന വർഷം ലഭ്യമാകുന്ന പാഠപുസ്‌തകങ്ങളിൽ മലയാളം അക്ഷരമാല നൽകുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഒന്നാം ക്ലാസിലെ മൂന്നാം ഭാഗത്തിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലുമാണ്‌ അക്ഷരമാല ഉൾപ്പെടുത്തുക. വരും വർഷങ്ങളിൽ മറ്റ്‌ പുസ്‌തകങ്ങളിലും അക്ഷരമാല ഉൾപ്പെടുത്തും. യോഗത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്‌ സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഡിജിഇ ജീവൻബാബു,  എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്‌ എന്നിവർ പങ്കെടുത്തു. 26ന്‌ പുസ്‌തക പ്രസാധകരുടെ യോഗവും 27ന്‌ അച്ചടി മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർമാരുടെ യോഗവും വിളിച്ചിട്ടുണ്ട്‌. സർക്കാർ അംഗീകരിച്ച, പരിഷ്‌കരിച്ച ലിപി എല്ലാമേഖലയിലും നടപ്പാക്കാൻ നിർദേശിക്കാനാണ്‌ യോഗം. Read on deshabhimani.com

Related News