നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചക്ക്‌ രണ്ടിന്; പൊതുദർശനം അയ്യങ്കാളി ഹാളിൽ

മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു. സമീപം മന്ത്രിമരായ സജി ചെറിയാൻ, വി ശിവൻകുട്ടി എന്നിവർ


തിരുവനന്തപുരം> അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന്  ഉച്ചയ്ക്ക് രണ്ട് മണിയോടെ  തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.  രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്. മന്ത്രിമാരും ജനപ്രതിനിധികളും മമ്മുട്ടി, മോഹൻലാൽ അടക്കമുള്ള നടൻമാരും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും . ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വട്ടിയൂർക്കാവ്‌ തിട്ടമംഗലത്തെ ‘തമ്പ്‌’ എന്ന്‌ പേരിട്ട വീട്ടിൽ മൃതദേഹമെത്തിച്ചപ്പോൾ കാത്തുനിന്നവർ കണ്ണീരണിഞ്ഞു. കലാ സാംസ്‌കാരിക പരിപാടികളിൽ അടുത്തിടെവരെ സജീവമായിരുന്ന നെടുമുടി വേണുവിന്റെ വിയോഗം ഏവരെയും സങ്കടത്തിലാഴ്‌ത്തി.  മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ, ആന്റണി രാജു, എംപി ബിനോയ്‌ വിശ്വം, വി കെ പ്രശാന്ത്‌ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, രമേശ്‌ ചെന്നിത്തല, വി എം സുധീരൻ, കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര പ്രവർത്തകരായ ഇന്ദ്രൻസ്‌, സുധീർ കരമന, മണിയൻപിള്ള രാജു, മധുപാൽ, ഭാഗ്യലക്ഷ്‌മി, ജലജ, നന്ദു, കാവാലം ശ്രീകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. നാടകനടൻ, ഗായകൻ, തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്‌,  സംവിധായകൻ  തുടങ്ങി നാടക, ചലച്ചിത്ര മേഖലയിയെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു.ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി.  നാടകാചാര്യൻ കാവാലം നാരായണപണിക്കരെ പരിചയപ്പെട്ടത്‌ വഴിത്തിരിവായി.  ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ ശ്രദ്ധയാകർഷിച്ച നിരവധി നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങൾക്ക്‌ വേഷമിട്ടു. ഇടക്കാലത്ത്‌ പാരലൽ കോളേജ്‌ അധ്യാപകനും മാധ്യമപ്രവർത്തകനുമായി. അരവിന്ദന്റെ  തമ്പിലൂടെയാണ്‌ സിനിമാപ്രവേശം.  തുടർന്നിങ്ങോട്ട്‌ മലയാളികളുടെ ഹൃദയം കീഴടക്കിയ നിരവധി കഥാപാത്രങ്ങൾക്ക്‌ ജീവനേകി. തകര, ചാമരം, ആരവം, പാളങ്ങൾ തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സമാന്തര സിനിമകളുടെ മുഖമായി മാറിയ നെടുമുടി പിന്നീട് മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി. ഇന്ത്യൻ, അന്യൻ തുടങ്ങിയ തമിഴ്‌ ചിത്രങ്ങൾ ഉൾപ്പടെ അഞ്ഞൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. ‘പൂരം’  എന്ന സിനിമ സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി. അഭിനയത്തിന്‌ ആറ്‌ സംസ്ഥാന അവാർഡും മികച്ച സഹനടനുള്ള ദേശീയ അവാർഡും ലഭിച്ചു. ഭാര്യ: ടി ആർ സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ. മരുമകൾ: മരീന.   Read on deshabhimani.com

Related News